തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് എൻ.എസ്.എസ്. തിരുവനന്തപുരത്ത് നടത്തിയ നാമജപഘോഷയാത്രയ്ക്കെതിരേ എടുത്ത കേസ് എഴുതിത്തള്ളി. നാമജപ ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്നം ഇല്ലെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
കേസ് നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷൻ നേരത്തെ തന്നെ പോലസിന് നിയമോപദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് ആണ് ഇപ്പോൾ തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചത്. ഇതോടെ എൻ.എസ്.എസിനെതിരേ നാമജപവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസുകൾ പൂർണ്ണമായും അവസാനിച്ചു.
ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് രണ്ടിനായിരുന്നു എൻഎസ്എസ് തിരുവനന്തപുരത്ത് നാമജപഘോഷയാത്ര സംഘടിപ്പിച്ചത്. തുടർന്ന്, പ്രതിഷേധക്കാർക്കെതിരേ കന്റോൺമെന്റ് പോലീസ്, നിയമവിരുദ്ധമായി സംഘം ചേരൽ, അനുവാദമില്ലാതെ പ്രകടനം നടത്തി അടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.
എൻ.എസ്.എസിന്റെ വൈസ് പ്രസിഡന്റ് അടക്കമുള്ളവരെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ്. പിന്നീട് പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്തതോടെ പോലീസ് നിലപാടിൽ മയംവരുത്തി. പ്രതിഷേധക്കാർക്ക് ഗൂഢ ലക്ഷ്യങ്ങളൊന്നും തന്നെ ഇല്ല എന്ന നിലപാടിലെത്തുകയായിരുന്നു പോലീസ്.