ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കായി നിവേദനം സമര്‍പ്പിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. രാഷ്ട്രപതിയെ കാണാന്‍ മൂന്ന് നേതാക്കളെ അനുവദിക്കാമെന്നാണ് പോലീസ് നിലപാട്. പ്രകടനമായെത്തി രണ്ടുകോടിപേര്‍ ഒപ്പിട്ട നിവേദനം നല്‍കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം.
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണുക. കഴിഞ്ഞ ദിവസം ഇതേ ആവശ്യവുമായി പ്രതിപക്ഷ സംഘത്തെയും രാഹുല്‍ ഗാന്ധി രാഷ്ട്രപതി ഭവനിലേക്ക് നയിച്ചിരുന്നു. കര്‍ഷകരോടും പ്രതിപക്ഷ നേതാക്കളോടും അഭിപ്രായം ചോദിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്‍ കൊണ്ടുവന്നതെന്നും ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതിലൂടെയുള്ള കേന്ദ്രത്തിന്റെ അജണ്ട കാര്‍ഷിക സംവിധാനങ്ങള്‍ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ ഏല്‍പ്പിക്കുകയെന്നതാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.