കൊല്ലം: കുണ്ടറയിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് പിന്നീട് ആശുപത്രിയിൽ മരിച്ചത് പോലീസിന്റെ മർദനത്തെ തുടർന്നാണെന്ന് ആരോപണം. സിയാദ് എന്ന യുവാവാണ് മരിച്ചത്. വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് ജൂൺ 16-നാണ് സിയാദിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി പോലീസ് ക്രൂരമായി മർദിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
മർദനത്തിൽ സിയാദിന്റെ വാരിയെല്ലിന് ഉൾപ്പെടെ പൊട്ടലുണ്ടായി. പരിക്ക് ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സിയാദിനെ മാറ്റി. അവിടെവെച്ചാണ് കഴിഞ്ഞദിവസം സിയാദ് മരണത്തിന് കീഴടങ്ങിയത്. പിന്നാലെയാണ് പോലീസിനെതിരെ കുടുംബം ആരോപണമുന്നയിച്ചത്.
ആരോപണവിധേയനായ ശ്രീജിത്ത് എന്ന സിപിഒയെ സിയാദിന്റെ മകൾ വിളിച്ച് സംസാരിക്കുന്ന ശബ്ദരേഖ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. 'അന്ന് സാറന്മാരോട് എല്ലാവരോടും ഞാൻ പറഞ്ഞതല്ലേ പപ്പായ്ക്ക് വയ്യാത്തതാണെന്ന്. സാറ് അവിടെയിട്ട് ഇടിച്ചെന്ന് അന്നേ പപ്പ പറഞ്ഞിരുന്നു. സാറാണ് ഇടിച്ചതെന്നും പറഞ്ഞു. ഇപ്പൊ എന്റെ പപ്പ പോയി. ആശുപത്രിയിൽ പോയപ്പോ ആരാ ഇടിച്ചതെന്ന് ചോദിച്ചു. നട്ടെല്ല് മൊത്തം പഴുത്തിരിക്കുകയായിരുന്നു. ഇപ്പൊ പോയി. അന്ന് സാറിനോട് ഞാൻ നൂറുവട്ടം പറഞ്ഞതാ വയ്യാത്ത ആളാണെന്ന്…' -ഇതാണ് സിയാദിന്റെ മകൾ കരഞ്ഞുകൊണ്ട് പോലീസുകാരനോട് പറയുന്നത്.
അതേസമയം സിയാദിന്റെ മരണത്തിൽ ഡിവൈഎഫ്‌ഐ കുണ്ടറ പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. എസ്എച്ച്ഒ ഓഫീസിന് മുന്നിലിരുന്നായിരുന്നു പ്രതിഷേധം. റൂറൽ എസ്പി നേരിട്ടെത്തി സംസാരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയെങ്കിലും റൂറൽ എസ്പി തന്നെ എത്തണമെന്ന ആവശ്യത്തിൽ ഡിവൈഎഫ്‌ഐ ഉറച്ചുനിന്നു.
സിപിഎം നേതാക്കളായ മേഴ്‌സിക്കുട്ടിയമ്മ, ചിന്താ ജെറോം എന്നിവർ ഉൾപ്പെടെയുള്ളവർ സിയാദിന്റെ വീട്ടിലെത്തി കുടുംബത്തെ കണ്ടു. സിയാദിന്റെ മരണത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പും അവർ ആഭ്യന്തരമന്ത്രിക്ക് നൽകി. നാട്ടിലെ പൗരന്മാർക്ക് ജീവിക്കാൻ അവകാശമുണ്ട്. പരാതി കിട്ടിയാൽ അറസ്റ്റ് ചെയ്ത് കൊണ്ടുവരാം. എന്നാൽ വരുന്ന വഴിയിൽ മാരകമായി തല്ലുകയും അത് മരണത്തിൽ കലാശിക്കുകയും ചെയ്യുകയെന്നത് അതീവ ഗൗരവതരമായ സംഭവമാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ഇത് ഗുരുതര സംഭവമാണെന്ന് പറഞ്ഞ ചിന്താ ജെറോം യുഡിഎഫ് സർക്കാരിന്റെ പോലീസ് നയം ഇതാണോ എന്ന് ചോദിച്ചു. കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശനമായ വകുപ്പുതല നടപടി സ്വീകരിക്കണം. കുടുംബത്തെ സാമ്പത്തികമായി ഉൾപ്പെടെ പിന്തുണ നൽകണം. കുടുംബത്തിന് നഷ്ടപരിഹാരം കിട്ടുന്നത് വരെ കൊല്ലത്തെ ഡിവൈഎഫ്‌ഐ മുന്നോട്ട് പോകുമെന്നും ചിന്ത വ്യക്തമാക്കി.


