ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന സമരത്തിനിടെ വൈറലായ വിദ്യാര്‍ഥി അഭിനവ് ബിഷ്ടിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത് ഡല്‍ഹി പൊലീസ്.സമരവേദിയില്‍ നിന്നുകൊണ്ടുള്ള അഭിനവിന്റെ റീലുകള്‍ക്ക് വലിയ രീതിയില്‍ ജനപ്രീതി ലഭിച്ചിരുന്നു.
ബിഷ്ടിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഡല്‍ഹി സമരത്തെ നിരന്തരം പിന്തുടര്‍ന്നവരും ഏറെയാണ്.ഓരോ പോസ്റ്റിന് താഴെയും വിദ്യാര്‍ഥികളെയും അവരുടെ പുതിയകാല സമര രീതികളെയും പിന്തുണച്ച് നിരവധി പേരാണ് പ്രതികരിച്ചിരുന്നത്. അഭിനവ് സമരം അവസാനിപ്പിച്ച് മടങ്ങുന്ന വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതിനിടെയാണ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. @issac1rl എന്ന അക്കൗണ്ടിനെതിരെയാണ് നടപടി. സമരം തുടങ്ങുന്നതിന് മുമ്പ് 5000 ഫോളോവേഴ്‌സ് മാത്രമേ ബിഷ്ടിന് ഉണ്ടായിരുന്നുള്ളു. പിന്നീട് ഇത് 5.7 ലക്ഷത്തിലെത്തി. ഓരോ റീലുകളും ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരുന്നത്.’മേരെ മെഹ്ബൂബ് ഖയാമത് ഹോഗി’ എന്ന പാട്ടിനൊപ്പമുള്ള റീല്‍ മാത്രം കണ്ടത് 15 കോടിയിലധികം ആളുകളാണ്. തുടര്‍ന്ന് അടുത്ത ‘നാഷണല്‍ ക്രഷ്’ എന്ന രീതിയിലും അഭിനവ് ബിഷ്ട് ചര്‍ച്ചയായിരുന്നു. എന്നാൽ പഴയ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും പുതിയ അക്കൗണ്ടുമായി അഭിനവ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അധിക്ഷേപ വീഡിയോകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഡല്‍ഹി പൊലീസ് ടെക് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി പൊലീസിന്റെ സോഷ്യല്‍ മീഡിയ നിരീക്ഷണ വിഭാഗമാണ് ഇത്തരം പോസ്റ്റുകള്‍ കണ്ടെത്തിയത്.ഇതിനുപിന്നാലെയാണ് അഭിനവിന്റെ ഇൻസ്റ്റാ അക്കൗണ്ട് ഡല്‍ഹി പൊലീസ് സസ്പെന്‍ഡ് ചെയ്തത്. നിലവില്‍ പ്രധാനമന്ത്രിക്കെതിരെ പോസ്റ്റുകള്‍ പങ്കുവെച്ച അക്കൗണ്ടുകള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പല പോസ്റ്റുകളും കമ്പനികള്‍ നീക്കം ചെയ്തിട്ടുണ്ട്.ജൂലൈ 20ന് നടന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ നിന്നുള്ള റീലുകളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. അതേസമയം സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും മറ്റ് നടപടികളൊന്നും തന്നെ ഉണ്ടാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സിജെപിക്ക് ഉറപ്പ് നല്‍കിയിരുന്നു.


