നേരിട്ടുള്ള പരാതികളൊന്നും ഇല്ല; രാഹുലിനെതിരേ കേസെടുക്കാനാകുമോ? പോലീസ് തലപ്പത്ത് കൂടിയാലോചന

തിരുവനന്തപുരം: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസെടുക്കാനാകുമോയെന്ന കാര്യത്തില്‍ പോലീസില്‍ കൂടിയാലോചന. ഇതുവരെ പുറത്തുവന്ന ശബ്ദസന്ദേശങ്ങളുടെയും ചാറ്റ് സ്‌ക്രീന്‍ഷോട്ടുകളുടെയും പശ്ചാത്തലത്തിലാണ് പോലീസ് തലപ്പത്ത് ഇത്തരമൊരു പരിശോധന നടക്കുന്നത്. പരാതിക്കാരില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കുമോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച് നിയമോപദേശവും തേടിയേക്കുമെന്നാണ് സൂചന.

രാഹുല്‍ മാങ്കൂട്ടത്തില്‍ അപമാനിച്ചുവെന്ന ആരോപണങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെയും വാര്‍ത്താചാനലുകളിലൂടെയും ഉയര്‍ന്നുവന്നുവെങ്കിലും നേരിട്ടുള്ള പരാതികളൊന്നും പോലീസിനു ലഭിച്ചിട്ടില്ല. ഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചുവെന്ന ആരോപണം ഉള്‍ക്കൊള്ളുന്ന ശബ്ദശകലം പുറത്തുവന്നുവെങ്കിലും ഇക്കാര്യത്തിലും പരാതിയില്ലാതെ പോലീസിന് കേസെടുക്കാനാകില്ല. ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുന്നത് പത്തുവര്‍ഷം ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണെങ്കിലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഇക്കാര്യത്തില്‍ പോലീസിനു നേരിട്ടുള്ള പരാതി കിട്ടിയിട്ടുമില്ല. അതേസമയം, മൂന്നാം കക്ഷികളില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ചില പരാതികള്‍ ലഭിച്ചിട്ടുമുണ്ട്. ഇത് അടിസ്ഥാനമാക്കി കേസെടുക്കാനാകില്ലെന്നും വാദമുണ്ട്.

ഹേമ കമ്മിറ്റി മുന്‍പാകെ മൊഴിനല്‍കിയെങ്കിലും പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലാത്തവരുടെ കേസുകള്‍ അവസാനിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയും പരാതിക്കാര്‍ മുന്നോട്ടുവന്നില്ലെങ്കില്‍ കേസെടുക്കണോയെന്നത് സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ചാകും നടക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News