നഗ്നതാ പ്രദര്‍ശനം; രഹ്ന ഫാത്തിമയുടെ മക്കളുടെ മൊഴിയെടുക്കുന്നു

കൊച്ചി: നഗ്‌നതാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് രഹ്ന ഫാത്തിമയുടെ മക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നു. ഇവരുടെ കൊച്ചിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസിലാണ് മൊഴിയെടുക്കുന്നത്.

പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കൊച്ചിയിലും തിരുവല്ലയിലും പോലീസ് കേസെടുത്തത്. രഹ്നയുടെ കൊച്ചിയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ‘ബോഡി ആന്‍ഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയാണ് സ്വന്തം മക്കള്‍ തന്റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പോലീസില്‍ പരാതി നല്‍കിയത്.

ജുവനൈല്‍ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് രഹ്നയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ സ്ഥാപനത്തിന്റെ സല്‍പ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എന്‍എല്‍ രഹ്നയെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News