ഇ ബുള്‍ ജെറ്റ് വിവാദം; സമൂഹമാധ്യമങ്ങളില്‍ കമന്റിട്ട ആരാധകരും കുടുങ്ങും

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് വിവാദത്തില്‍ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകള്‍ പരിശോധിക്കുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ ആര്‍ ഇളങ്കോ. പരസ്യമായി അസഭ്യം പറയുന്നത് കുട്ടികളായാലും കര്‍ശന നടപടിയെടുക്കുമെന്ന് കമ്മീഷ്ണര്‍ പറഞ്ഞു.

ഇ ബുള്‍ ജെറ്റ് സഹേദരന്മാര്‍ക്കെതിരെ കര്‍ശന വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് കണ്ണൂര്‍ കമ്മീഷ്ണര്‍ പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചതിനും കലാപാഹ്വാനത്തിനും എബിന്‍ ലിബിന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പോലീസ് മര്‍ദിച്ചെന്ന വ്‌ളോഗര്‍മാരുടെ പരാതിയില്‍ കഴമ്പില്ലെന്നും ഇവരുടെ പഴയ വിഡിയോ പരിശോധിച്ച് കുറ്റകൃത്യം നടന്ന സ്ഥലം കണ്ടെത്തുമെന്നും ആര്‍ ഇളങ്കോ അറിയിച്ചു. പ്രതികള്‍ക്കെതിരെ മറ്റെന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ആര്‍ ഇളങ്കോ വ്യക്തമാക്കി.

ഇ ബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെന്‍സ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാന്‍സ്പോര്‍ട് കമ്മീഷ്ണര്‍ എഡിജിപി എംആര്‍ അജിത് കുമാറാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്.

ഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദ്മലാല്‍ പറഞ്ഞു. തെറ്റുകള്‍ തിരുത്താന്‍ ഇ ചലാന്‍ വഴി സമയം കൊടുത്തിരുന്നുവെന്നും പദ്മലാല്‍ പറഞ്ഞു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. ആഡംബര നികുതിയില്‍ വന്ന വ്യത്യാസം ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനില്‍ക്കുന്ന പാര്‍ട്ട്‌സ് പാടില്ല എന്നാണ് നിയമം. എന്നാല്‍ ഈ നിയമവും ഇ-ബുള്‍ജെറ്റ് ലംഘിച്ചിട്ടുണ്ട്. അംഗീകൃത വാഹനങ്ങളില്‍ മാത്രമേ സെര്‍ച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തില്‍ അതും കണ്ടെത്തിയിട്ടുണ്ടെന്ന് എംവിഐ പദ്മലാല്‍ ചൂണ്ടിക്കാട്ടി.

ഫോളോവേഴ്സ് ഉണ്ടായാലും നിയമലംഘനം അനുവദിക്കാന്‍ ആകില്ലെന്നും ഇ ബുള്‍ ജെറ്റിനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആള്‍ട്ടറേഷനുകള്‍ എല്ലാം മാറ്റി വന്നില്ലെങ്കില്‍ ആര്‍സി റദ്ദാക്കുന്നതടക്കം നടപടികളിലേക്ക് പോകേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News