നയന്‍താരയ്ക്കും വിഗ്‌നേഷ് ശിവനുമെതിരെ പോലീസ് പരാതി

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്‌നേഷ് ശിവനുമെതിരെ പോലീസില്‍ പരാതി നല്‍കി യുവാവ്. സാലിഗ്രാം സ്വദേശി കണ്ണന്‍ എന്ന വ്യക്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.

‘റൗഡി പിക്ചേഴ്സ്’ എന്നാണ് നയന്‍താരയുടേയും വിഗ്‌നേഷ് ശിവന്റേയും പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ഈ പേര് തമിഴ്നാട്ടില്‍ റൗഡിസം വളരുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണന്‍ പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈ സിറ്റി കമ്മീഷ്ണര്‍ ഓഫിസിലാണ് പരാതി സമര്‍പ്പിച്ചത്.

വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത് നയന്‍താരയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രത്തില്‍ എത്തിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ ഭ്രഹ്‌മാണ്ഡ വിജയത്തിന് ശേഷമാണ് ദമ്പതികള്‍ ചേര്‍ന്ന് ‘റൗഡി പിക്ചേഴ്സ്’ എന്ന നിര്‍മാണ കമ്പനി ആരംഭിക്കുന്നത്.

2021 ല്‍ പെബിള്‍സ്, റോക്കി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചത് റൗഡി പിക്ചേഴ്സ് ആയിരുന്നു. തമിഴ്നാട് പൊലീസ് റൗഡികളെ തുരത്തുന്നതിനും റൗഡിസത്തിനെതിരുമായി വ്യാപക നടപടി സ്വീകരിക്കുന്നതിനിടെ യുവാക്കള്‍ ആരാധനയോടെ കാണുന്ന താരങ്ങള്‍ ‘റൗഡി പിക്ചേഴ്സ്’ എന്ന് പ്രൊഡക്ഷന്‍ ഹൗസിന് പേര് നല്‍കുന്നത് തെറ്റായ മാതൃകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News