കൊച്ചി∙ സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർക്കെതിരെ പൊലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇൻഫോപാർക്ക് പൊലീസിന്റെ നടപടി. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നായിരുന്നു അഖിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പകരം താൻ വീടുകൾ വച്ചു നൽകുമെന്നും അഖിൽ പറഞ്ഞിരുന്നു. കേസെടുത്തതിനു പിന്നാലെ ‘വീണ്ടും കേസ്, മഹാരാജാവ് നീണാൾ വാഴട്ടെ’ എന്നെഴുതിയ പുതിയ പോസ്റ്റും അഖിൽ മാരാരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു.
സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടത്തിയ പ്രചരണത്തിനു ബിജെപി മീഡിയ വിഭാഗം മുന്‍ കോ -കണ്‍വീനർ ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജിൽ ചാക്കോ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി.