കേരളം എല്ലായ്‌പ്പോഴും എനിക്ക് വളരെയധികം സ്‌നേഹം തന്നിട്ടുണ്ട്;വയനാടിന് കൈതാങ്ങായി അല്ലു അര്‍ജുനും
തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് ആശ്വാസമേകാന്‍ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷമാണ് അല്ലു സംഭാവന ചെയ്തത്. തന്‍റെ എക്സ് പോസ്റ്റിലൂടെയാണ് അല്ലു ഇത് അറിയിച്ചത്.
വയനാട്ടിൽ ഈയിടെയുണ്ടായ ഉരുൾപൊട്ടലിൽ ഞാൻ അതീവ ദുഃഖിതനാണ്. കേരളം എല്ലായ്‌പ്പോഴും എനിക്ക് വളരെയധികം സ്‌നേഹം തന്നിട്ടുണ്ട്, പുനരധിവാസ പ്രവർത്തനങ്ങളെ സഹായിക്കാൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തുകൊണ്ട് എന്‍റെ പരമാവധി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു – അല്ലു അര്‍ജുന്‍ എക്സ് പോസ്റ്റില്‍ പറയുന്നു. നേരത്തെ 2018 പ്രളയകാലത്തും അല്ലു അര്‍ജുന്‍ കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു.
ജൂലൈ മുപ്പതിന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് രാജ്യത്തെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തം സംഭവിച്ചത്. വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുള്‍പൊട്ടിയുണ്ടായ ദുരന്തത്തില്‍ മരിച്ചത് 300ലേറെയാണ്. 200 പേരെ ഇനിയും കണ്ടെത്താനുണ്ട്. ആറാം ദിവസവും രക്ഷ പ്രവര്‍ത്തനം നടക്കുകയാണ്.
ഇന്നോളം കേരളം നേരിട്ട വലിയ ദുരന്തങ്ങളില്‍ ഒന്നായിരിക്കുകയാണ് മുണ്ടക്കൈ. സര്‍വതും നഷ്‍ടപ്പെട്ട് ക്യാമ്പുകളില്‍ നിരവധിപ്പേരാണുള്ളത്. മുമ്പ് വയനാട് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിന് അടുത്താണ് മുണ്ടക്കൈ. അതേ സമയം സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും വിവിധ ഭാഗങ്ങളില്‍ നിന്നും വയനാടിനെ സഹായിക്കാന്‍ സഹായം എത്തുന്നുണ്ട്.