KeralaNews

അഭ്യാസം ഇനി നടക്കില്ല,നെടുമ്പാശേരിയില്‍ മാസ്‌ക് വലിച്ചെറിഞ്ഞ യാത്രക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി: ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ മാസ്‌ക് വലിച്ചെറിഞ്ഞ യാത്രക്കാരനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ലാമി അറയ്ക്കലിനെയാണ് അറസ്റ്റ് ചെയ്തത്. 54 കാരനായ ഇയാള്‍ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരോട് സഹകരിക്കാതെ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. കര്‍ശന നടപടികള്‍ക്ക് ഐജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവര്‍ക്കെതിരെ കേസെടുക്കും.

അവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങള്‍ക്ക് പൊലീസ് പാസ് നല്‍കും. പാസ് കൈവശമില്ലാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. കാസര്‍കോട് ജില്ലയിലെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് എസ്പിമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 93 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോഴിക്കോട് ഇന്നലെ രാത്രി രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ പരിശോധനഫലങ്ങള്‍ ഇന്ന് കിട്ടും.

ലോക്ക് ഡൗണ്‍ നടപ്പാക്കുമ്പോള്‍, ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. കേരളം അടച്ച് പൂട്ടലിലാണെങ്കിലും അവശ്യസാധനങ്ങള്‍ കിട്ടും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കും. ഭക്ഷണം,പാനീയം,മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തും. പാല്‍,പച്ചക്കറി, പലചരക്ക്, പഴങ്ങള്‍, മത്സ്യം, മാംസം,കാലിത്തീറ്റ തുടങ്ങിയവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉണ്ട്. കാസര്‍കോട് ജില്ലയില്‍ ഇത്തരം കടകള്‍ രാവിലെ 11മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button