തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ പി സി ജോർജ്ജിന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. ജോർജ്ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടികാട്ടിയാകും ജാമ്യം റദ്ദാക്കൻ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുക. പി സി ജോർജ്ജിന് മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് പൊലീസിന് വൻ തിരിച്ചടിയായിരുന്നു. ജോർജ്ജിന്‍റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് പൊലീസ്. മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിന് പകരം ജാമ്യം അനുവദിച്ചക്കോടതിയിൽ തന്നെ അപേക്ഷ നൽകാനാണ് തീരുമാനം.
മതവിദ്വേഷ പരാമർശങ്ങള്‍ ആവർത്തിക്കരുതെന്ന കോടതി ഉപാധി ജോർജ്ജ് ലംഘിച്ചുവെന്ന് പൊലീസ് കോടതിയെ അറിയിക്കും. ജാമ്യം ലഭിച്ച ഉടനെ പരാമർശങ്ങള്‍ ആവർത്തിച്ചു. പ്രോസിക്യൂഷൻ ഭാഗം കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും ചൂണ്ടികാട്ടിയാണ് ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ നിയമോപദേശ പ്രകാരമാണ് അപേക്ഷ നൽകുന്നത്. ജോർജ്ജിനെതിരായ കേസിന്‍റെ അന്വേഷണം ഫോർട്ട് അസി കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. ഫോർട്ട് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്നു മുൻ അന്വേഷണ ഉദ്യോഗസ്ഥൻ.
മതവിദ്യേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പുഞ്ഞാറിലെ മുൻ എം എൽ എ പി സി ജോർജ്ജിന് മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് പൊലീസിന് വൻ തിരിച്ചടിയായിരുന്നു. ജുഡിഷ്യൽ ഒന്നാം ക്ലസ് മജിസ്ട്രേറ്റ് കോടതി- രണ്ടാണ് ജാമ്യം അനുവദിച്ചത്. സർക്കാർ വാദം കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പൊലീസിന്‍റെ വാദം. എന്നാൽ പൊലീസ് വാദങ്ങള്‍ തള്ളിക്കളയുന്നതാണ് ജാമ്യ ഉത്തരവ്.
മൂന്നു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ജോർജ്ജിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ എന്തുകൊണ്ട് ജോർജ്ജിനെ അറസ്റ്റ് ചെയ്തുവെന്ന് കോടതിയിൽ പൊലീസ് വ്യക്തമാക്കിയില്ല. ജോർജ്ജിനെ സമാന കേസുകളുണ്ടോയെന്നും പറഞ്ഞിട്ടില്ല. മുൻ ജനപ്രതിനിധിയായ ജോർജ്ജിന് ആരോഗ്യപ്രശ്നങ്ങളുണ്ട്. അതിനാൽ ഉപാധികളോടെ ജാമ്യം അനുവദിക്കുന്നവെന്നും ഉത്തരവിൽ പറയുന്നു. മുൻ കോടതിവിധികള്‍ അനസരിച്ച് പ്രോസിക്യൂഷൻ അഭിപ്രായം കേള്‍ക്കാതെ ജാമ്യം അനുവദിക്കാനാവുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. 50000 രൂപയുടെ ബോണ്ടിൽ ഉപാധികളോടെയായിരുന്നു ജാമ്യം.
നേരത്തെ പിസി ജോർജ്ജിന് ലഭിച്ച ജാമ്യം റദ്ദാക്കുന്നതിനുള്ള തുടർ നടപടികള്‍ക്കായി പൊലീസ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയിരുന്നു. മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകണോ, അല്ല പിസി ജോർജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ച കാര്യം മജിസ്ട്രേറ്റ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തണോയെന്ന കാര്യത്തിലായിരുന്നു നിയമോപദേശം തേടിയത്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിന്‍റെ തുടർ നടപടി ഉണ്ടാകുന്നത്.
അനന്തപുരി ഹിന്ദുസമ്മേളനത്തിൽ പങ്കെടുക്കവെയാണ് പി.സി. ജോർജ് മുസ്ലിംകൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്‌ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങിയ നുണയാരോപണങ്ങളാണ് പി.സി. ജോർജ് പ്രസംഗിച്ചത്.
വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പോപുലർ ഫ്രണ്ട്, കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ, സി.പി.എം സെക്രട്ടേറിയറ്റ്, പി.ഡി.പി അടക്കം പി.സി. ജോർജിനെതിരെ രംഗത്തുവരികയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ഡി.ജി.പി അനിൽകാന്തിന്‍റെ നിർദേശപ്രകാരമാണ് ജോർജിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തത്.