ന്യൂയോര്‍ക്ക്: മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് മാരകമായി പരിക്കേല്‍പിച്ച പ്രതിയെ കണ്ടെത്തുന്നതിന് പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. നഫിയ ഫാത്തിമ എന്ന 21 വയസുള്ള അമേരിക്കന്‍- പാക്കിസ്ഥാന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ നേര്‍ക്ക് ആക്രമണം നടത്തിയ പ്രതിയെ കണ്ടെത്തുന്നതിനായാണ് നാസു കൗണ്ടി പോലീസ് കമ്മീഷണര്‍ പാട്രിക് റൈഡര്‍ 20,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ സംഭവവുമായി ബന്ധപ്പെട്ട എന്തേലും വിവരം ലഭിക്കുന്നവര്‍ 516 513 8800 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 17 നാണു വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം ഉണ്ടായത്. ഹോപ്സ്ട്ര യൂണിവേഴ്സിറ്റി പ്രീ മെഡിക്കല്‍ വിദ്യാര്‍ഥിനി ലോണ ഐലന്റ് എല്‍മോണ്ട് ഡിസ്ട്രിക്ടിലുള്ള വീടിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്തതിനുശേഷം ഡ്രൈവ് വേയിലൂടെ വീട്ടിലേക്ക് നടന്നു വരുന്നതിനിടയില്‍ പുറകില്‍ നിന്നും ഓടിയെത്തിയ ഒരാള്‍ ഇവരുടെ മുഖത്തേക്കും, ശരീരത്തിലേക്കും വീര്യമേറിയ ആസിഡ് ഒഴിക്കുകയായിരുന്നു.
സംഭവത്തിനുശേഷം പ്രതി ചുവന്ന നിറത്തിലുള്ള നിസാന്‍ കാറില്‍ കയറി രക്ഷപെട്ടതായാണ് റിപ്പോര്‍ട്ട്. മുഖത്ത് ആസിഡ് വീണതോടെ കണ്ണിലുണ്ടായിരുന്ന കോണ്‍ടാക്ട് ഗ്ലാസില്‍ തട്ടി കണ്ണിന്റെ കാഴ്ചയെ ബാധിച്ചു. വീട്ടിലേക്ക് ഓടിക്കയറിയ മകളെ നഴ്സായ മാതാവ് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം 911 വിളിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നഫിയ അപകട നില തരണം ചെയ്തിട്ടുണ്ട്.