പ്ലസ് വൺ വിദ്യാർത്ഥിയുമായി ഒളിച്ചോടി,​32കാരിയായ അദ്ധ്യാപികയ്ക്കെതിരെ പോക്സോ കേസ്,​ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തൽ

ചെന്നൈ: പ്ലസ് വൺ വിദ്യാർത്ഥിയുമായി ഒളിച്ചോടിയ 32കാരിയായ അദ്ധ്യാപികയെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ഷോളിങ്ങനല്ലൂരിന് അടുത്തുള്ള സ്വകാര്യ സ്കൂൾ അദ്ധ്യാപിക ഹെപ്‌സിബയാണ് അറസ്റ്റിലായത്. ചെന്നൈ സ്വദേശികളായ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. നേരത്തെ ഭർത്താവുമായി വേർപിരിഞ്ഞ ഹെ‌പ്‌സിബ താൻ പഠിപ്പിക്കുന്ന സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായി അടുപ്പത്തിലാവുകയായിരുന്നു. അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥി വൈകിട്ടായിട്ടും തിരിച്ചെത്തിയിരുന്നില്ല. . വീട്ടുകാർ സ്കൂളിലെത്തി അന്വേഷിച്ചപ്പോൾ അന്നേ ദിവസം അവിടെ എത്തിയിട്ടില്ലെന്ന് വിവരം ലഭിച്ചു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ അദ്ധ്യാപികയായ ഹെപ്‌സിബയും ചൊവ്വാഴ്ച സ്കൂളിൽ വന്നിട്ടില്ലെന്ന് കണ്ടെത്തി. പിന്നീടാണ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതാണെന്നും പൊലീസിനും വീട്ടുകാർക്കും മനസിലായത്. ഇരുവരുടെയും മൊബൈൽ നെറ്റ്‌വർക്കുകൾ പരിശോധിച്ചപ്പോൾ കോയമ്പത്തൂരിലെ കാരമടയിലാണ് ഇവർ ഉള്ളതെന്ന് കണ്ടെത്തി.

തുടർന്ന് ഇവിടെയെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിനോദയാത്രയ്ക്കായി വന്നതാണെന്നാണ് ചോദ്യം ചെയ്തപ്പോൾ അദ്ധ്യാപിക പറഞ്ഞത്. ഇരുവരെയും ചെന്നൈയിൽ എത്തിച്ച ശേഷം പൊലീസ് ഹെപ്‌സിബയ്ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News