30.6 C
Kottayam
Tuesday, May 14, 2024

ഇഷ്ടമുള്ള വസ്ത്രം ധരിയ്ക്കാം;ഹിജാബ് നിരോധനം പിന്‍വലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍

Must read

മൈസൂര്‍: കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് അങ്ങനെ ഒരു നിരോധനവും നിലവിലില്ലെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് ഇഷ്ടമുള്ള സ്ഥലത്ത് പോകുന്നതില്‍ ഒരു തടസ്സവുമില്ലെന്നും മൈസൂരിലെ ഒരു ചടങ്ങില്‍ സംസാരിക്കവേ കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. ഹിജാബ് ധരിക്കരുതെന്ന ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ എന്ത് വസ്ത്രം ധരിക്കണം എന്ത് ഭക്ഷണം കഴിക്കണമെന്നതൊക്കെ നിങ്ങളുടെ മാത്രം ഇഷ്ടമാണ്. അത് തടയാന്‍ എനിക്ക് എന്ത് അവകാശമാണുള്ളത്? സിദ്ധരാമയ്യ ചോദിച്ചു. നിങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കുന്നു, ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് കഴിക്കുന്നു. ഞാന്‍ മുണ്ടുടുക്കുന്നു, നിങ്ങള്‍ പാന്റും ഷര്‍ട്ടും ധരിക്കുന്നു, അതില്‍ എന്താണ് തെറ്റെന്നും കര്‍ണാടക മുഖ്യമന്ത്രി ചോദിച്ചു.

ബിജെപി സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം നിരോധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചില വിദ്യാര്‍ത്ഥിനികള്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി ലഭിച്ചില്ല.

ശിരോവസ്ത്രം ധരിക്കുന്നത് ഒരു മതത്തിലും ഒഴിവാക്കാന്‍ പാടില്ലാത്തതാണെന്ന് പറഞ്ഞിട്ടില്ലെന്നും യൂണിഫോം സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പറയുന്ന രീതി അനുസരിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

കേസ് പിന്നീട് സുപ്രീം കോടതിയിലെത്തിയപ്പോള്‍ ഭിന്ന വിധിയാണ് പുറപ്പെടുവിച്ചത്. യൂണിഫോം സംബന്ധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമം പാലിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ബാദ്ധ്യതയുണ്ടെന്ന ഒരു വിധിയും ശിരോവസ്ത്രം ഓരോരുത്തരുടെ ഇഷ്ടം അനുസരിച്ച് തിരഞ്ഞെടുക്കാമെന്ന് മറ്റൊരു വിധിയുമാണ് സു്പ്രീം കോടതി പുറപ്പെടുവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week