ന്യൂഡൽഹി: കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും ലോക്സഭയിൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ പോലും രാഷ്ട്രീയവത്കരിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും രാഷ്ട്രീയ അന്ധതയിൽ മര്യാദകൾ മറന്നെന്നും മോദി വിമർശിച്ചു. പാർലമെന്റിനെ കോൺഗ്രസ് ദുരുപയോഗം ചെയ്യുകയാണ്. സാധാരണക്കാരുമായി പ്രതിപക്ഷ പാർട്ടിക്ക് ഒരു ബന്ധവുമില്ല. കോൺഗ്രസ് ജനാധിപത്യത്തെ അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കഴിഞ്ഞ രണ്ടു വർഷമായി രാജ്യം കോവിഡിനെതിരേ പോരാടുകയാണെന്നും 80% പേരും രണ്ടു ഡോസ് വാക്സിനുമെടുത്തെന്നും മോദി ചൂണ്ടിക്കാട്ടി. അതു വലിയ നേട്ടമാണ്. കോവിഡ് നിയന്ത്രണത്തിൽ ഇന്ത്യ ലോക രാജ്യങ്ങൾക്ക് മാതൃകയായി. ആഗോളതലത്തിൽ കോവിഡിന് ശേഷം പുതിയ നേതൃതലത്തിലേക്ക് ഇന്ത്യ എത്തിയെന്നും മോദി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നു. ഈ ഭരണത്തിൽ കർഷകരുടെ നിലവാരം ഉയർന്നു. ഉത്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിയായി. സ്വയം പര്യാപ്തരാവുകയാണ് കർഷകർ. കോൺഗ്രസ് കരുതിയത് കോവിഡിലൂടെ തന്നെ അപമാനിക്കാമെന്നാണ്. തൻറെ പ്രതിച്ഛായ കുറയുമെന്നും വിചാരിച്ചു. എന്നാൽ ഒന്നും നടന്നില്ലെന്നും മോദി പറഞ്ഞു.
ഉത്തർപ്രദേശിൽ കോവിഡ് വ്യാപിപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. അതിഥി തൊഴിലാളികളെ ദുരിതത്തിലേക്ക് തളളി വിട്ടു. ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം രാഷ്ട്രീയമാണ് കോൺഗ്രസ് കളിച്ചത്. ഇപ്പോഴും ചിലർ 2014-ൽ കുരുങ്ങിക്കിടക്കുകയാണ്. ശക്തികേന്ദ്രങ്ങൾ തള്ളിക്കളഞ്ഞത് കോൺഗ്രസ് മനസിലാക്കുന്നില്ല. അടുത്ത നൂറ് വർഷത്തേക്ക് കോൺഗ്രസ് ഭരണം ആഗ്രഹിക്കുന്നില്ല. അവർക്ക് പ്രതീക്ഷയുമില്ല. ആത്മ നിർഭർ ഭാരത് പദ്ധതിയേയും കോൺഗ്രസ് എതിർക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
യുപിഎ സർക്കാർ പാവങ്ങളെ പൂർണമായും അവഗണിക്കുകയായിരുന്നു. അതിന് മറുപടിയായി ജനങ്ങൾ ഇന്ന് കോൺഗ്രസിനെ ഇല്ലാതാക്കി. കോൺഗ്രസ് ഭരണം കയ്യാളിയിരുന്ന സംസ്ഥാനങ്ങളുടെ ഇന്നത്തെ അവസ്ഥ എണ്ണിപ്പറഞ്ഞാണ് മോദി പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചത്. തെലങ്കാനയെ നിർമ്മിച്ചത് നിങ്ങളാണെന്ന് പറയുന്നു. എന്നാൽ അവിടുത്തെ പൊതുജനങ്ങൾ പോലും അത് നിഷേധിക്കുന്നുവെന്നും മോദി വ്യക്തമാക്കി. ഇത്രയും തവണ പരാജയപ്പെട്ടിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ലെന്നും മോദി പരിഹസിച്ചു.
Speaking in the Lok Sabha. Watch https://t.co/WfOOasml0G
— Narendra Modi (@narendramodi) February 7, 2022