ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോശിമഠ് നഗരത്തില്‍ വീടുകള്‍ വിണ്ടുകീറുകയും ഭൂമി ഇടിഞ്ഞുതാഴുകയും ചെയ്യുന്ന പ്രതിഭാസം ആശങ്കാജനകമായി തുടരുന്നതിനിടെ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നതതലയോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ അധ്യക്ഷതയിലാണ് യോഗം. അതിനിടെ, പ്രതിഭാസം പലതവണ പ്രദേശവാസികള്‍ മുഖ്യമന്ത്രിയുടെ ശദ്ധയില്‍പ്പെടുത്തിയിരുന്നതായി രേഖകള്‍ പുറത്തുവന്നു. പ്രദേശത്ത് നിർമാണത്തിലിരിക്കുന്ന ഹൈഡല്‍ പ്രൊജക്ടിനായി സ്ഫോടനങ്ങള്‍ നടത്തിയതാണ് ഇപ്പോഴത്തെ പ്രതിഭാസത്തിന് ഇടയാക്കിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം.
പൊതുമേഖലയിലെ ഊര്‍ജ്ജോത്പാദന കമ്പനിയായ എന്‍.ടി.പി.സിയുടെ ജലവൈദ്യുത പദ്ധതി നിർമാണത്തിന്‍റെ ഭാഗമായ സ്‌ഫോടനങ്ങളെത്തുടര്‍ന്ന് പ്രദേശത്ത് അനുരണനങ്ങള്‍ ഉണ്ടായിരുന്നതായി കഴിഞ്ഞമാസം മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് അയച്ച കത്തില്‍ പ്രദേശവാസികള്‍ വ്യക്തമാക്കിയിരുന്നതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് തവണ ഇത്തരം കത്തുകള്‍ മുഖ്യമന്ത്രിക്ക് എഴുതിയതായാണ് രേഖകള്‍.
പദ്ധതിപ്രദേശത്തെ നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ സ്‌ഫോടനങ്ങളെത്തുടര്‍ന്ന് ഭൂമികുലുക്കമനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വീടുകളിലും റോഡുകളിലും വിള്ളല്‍ ഉണ്ടായെന്നുമാണ് പരാതികളില്‍ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയോട് അടിയന്തരനടപടി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
എന്‍.ടി.പി.സിയുടെ തുരങ്കങ്ങളില്‍ നടത്തുന്ന സ്‌ഫോടനങ്ങളില്‍ പ്രദേശത്ത് മുഴുവന്‍ പ്രകമ്പനം ഉണ്ടാവുന്നതായി കഴിഞ്ഞ ഒരുവര്‍ഷമായി തങ്ങള്‍ ജില്ലാ കളക്ടറേയും മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നു. വീടുകളില്‍ വിള്ളലുണ്ടായതോടെയാണ് ഡിസംബറില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. എന്നാല്‍, മറുപടി ഉണ്ടായില്ല. ജില്ലാ കളക്ടര്‍ ഒരുതവണ സ്ഥലം സന്ദര്‍ശിച്ചെങ്കിലും പരിഹാരനടപടികള്‍ കൈക്കൊണ്ടില്ല. ഏത് സമയത്തും ജോശിമഠ് നഗരം മുഴുവനായും മുങ്ങിപ്പോകാമെന്ന അവസ്ഥയിലാണിപ്പോഴുള്ളതെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.
തനിക്കും മുഖ്യമന്ത്രിക്കും പ്രദേശവാസികളുടെ നിവേദനം ലഭിച്ചിരുന്നതായി ജില്ലാ കളക്ടര്‍ ഹിമാന്‍ശു ഖുറാന സ്ഥിരീകരിച്ചു. ഡിസംബറില്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, എന്താണ് ചെയ്യേണ്ടതെന്ന് സത്യംപറഞ്ഞാല്‍ എനിക്കറിയില്ല. വിള്ളലുണ്ടാവുന്നതിന്റെ കാരണം എന്താണെന്ന് ആദ്യം സ്ഥിരീകരിക്കണം. കാരണമറിയാതെ കൈക്കൊള്ളുന്ന നടപടികള്‍ എന്തായാലും അത് തിരിച്ചടിയാവും. അതിനാലാണ് നടപടികളൊന്നും സ്വീകരിക്കാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോശിമഠിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പ്രതിഭാസത്തിന് വിവധഘടകങ്ങള്‍ കാരണമായിരിക്കാമെന്നാണ് വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ഡയറക്ടര്‍ കാലാചന്ദ് സെയിന്‍ പറയുന്നത്. മനുഷ്യനിര്‍മിതവും പ്രകൃത്യാലുള്ളതുമായ വ്യത്യസ്തഘടകങ്ങള്‍ മൂലം ജോശീമഠിലെ ഭൂമി ഇളക്കമുള്ളതാക്കിത്തീര്‍ത്തിട്ടുണ്ടാവാമെന്ന് അദ്ദേഹം പറഞ്ഞു.
ഭൂകമ്പസാധ്യത കൂടിയ സീസ്മിക് സോണ്‍ അഞ്ച് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ജോശിമഠ്. ഇത്തരം മേഖലകളില്‍ ഭൂമി ഇടഞ്ഞുതാഴുന്നത് സ്വാഭാവികമാണ്. ഭൂചലനങ്ങള്‍ മൂലമുള്ള ബലക്ഷയം പ്രദേശത്തുണ്ടാവാം. ആഴം കുറയുന്ന ഹിമാലയന്‍ നദികളും കനത്തമഴയും പ്രദേശത്തിന്റെ പ്രത്യേകതകളാണെങ്കിലും റിഷിഗംഗയിലും ദൗലിഗംഗയിലും കഴിഞ്ഞവര്‍ഷമുണ്ടായ മിന്നല്‍പ്രളയങ്ങളും വിള്ളല്‍ പ്രതിഭാസത്തിന് ആക്കം കൂട്ടിയിട്ടുണ്ടാവാം.
തീര്‍ഥാടനകേന്ദ്രങ്ങായ ബദ്രിനാഥ്, ഹേംകുണ്ട് സാഹിബ് എന്നിവടങ്ങളിലേക്കുള്ള പ്രവേശനമാര്‍ഗമായതിനാല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ക്രമാതീതമുണ്ടാകുന്ന വര്‍ധനവും ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഓലിയിലെ കേബിള്‍ കാറിന് വേണ്ടി ദീര്‍ഘകാലം തുടര്‍ന്ന നിര്‍മാണപ്രവര്‍ത്തനങ്ങളും പ്രദേശത്തെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ടാവാമെന്ന് സെയിന്‍ അഭിപ്രായപ്പെട്ടു. ഹോട്ടലുകളുടേയും റെസ്റ്റോറന്റുകളുടേയും സന്ദര്‍ശകരുടേയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതും കാരണമാകാമെന്നും സെയിന്‍ കൂട്ടിച്ചേര്‍ത്തു.
600 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹെലിക്കോപ്ടറുകള്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിനായി തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജോശിമഠിലും സമീപപ്രദേശങ്ങളിലും എല്ലാ നിര്‍മ്മാണ പ്രവൃത്തികളും നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹെലാങ്- മര്‍വാരി ബൈപ്പാസിന്റെ പ്രവൃത്തിയും എന്‍.ടി.പി.സിയുടെ ഹൈഡല്‍ പ്രൊജക്ടിന്റെ നിര്‍മ്മാണപ്രവൃത്തികളും ഇതിന്റെ ഭാഗമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ദ്രുതഗതിയില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധസംഘത്തെ നിയോഗിച്ചിരുന്നു. മനുഷ്യവാസ മേഖലകളിലും കെട്ടിടങ്ങള്‍, ഹൈവേകളും നദിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സ്ഥലങ്ങളിലും മണ്ണിടച്ചിലുണ്ടാവുന്നതിനെക്കുറിച്ച് ഈ സംഘം പരിശോധന നടത്തും.
ജോശീമഠിലെ പ്രതിഭാസം വലിയ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. വിഷയം ചർച്ചചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ക്യാബിനറ്റ് സെക്രട്ടറി, കേന്ദ്രസര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്തനിവാരണ അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന- ജില്ലാ തലത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തിലുണ്ടാവും.
ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ നേരത്തെ തന്നെ തെരുവിലറങ്ങിയിരുന്നു. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരത്‌ന പദവിയുള്ള ഊര്‍ജ്ജോല്‍പാദന കമ്പനി എന്‍.ടി.പി.സി. ഹൈഡല്‍ പ്രൊജക്ടിന്റെ ഭാഗമായി രണ്ടുതുരങ്കങ്ങളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇതാണ് ജോശിമഠിലെ നിലവിലെ വിള്ളലുകള്‍ക്കും ഭൂമി ഇടിഞ്ഞുതാഴുന്നതിനും കാരണമെന്നാരോപിച്ച് പ്രദേശവാസികള്‍ കഴിഞ്ഞ ദിവസം പന്തംകൊളുത്തി പ്രതിഷേധമടക്കം നടത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് പ്രതിഭാസം ദേശീയശ്രദ്ധയിലേക്ക് എത്തുന്നത്. പ്രതിഷേധത്തെത്തുടര്‍ന്നാണ് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനമുണ്ടായത്. ഇവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരതാശ്വാസനിധിയില്‍ നിന്ന് പ്രതിമാസം വാടകയിനത്തില്‍ 4,000 രൂപ നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഹിന്ദുദൈവമായ വിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളിലൊന്നായ ബദ്രിനാഥ് ശൈത്യകാലത്ത് ജോശിമഠില്‍ വസിക്കുന്നുവെന്നാണ് വിശ്വാസം. ഈ സമയത്ത് ബദ്രിനാഥ് ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം ജോശിമഠിലെ വസുദേവ ക്ഷേത്രത്തില്‍ എത്തിക്കുന്നു. ഈ സമയത്ത് ഇവിടേക്ക് തീര്‍ഥാടക പ്രവാഹമുണ്ടാവാറുണ്ട്. സിഖ് ആരാധനാകേന്ദ്രമായ ഹേംകുണ്ട് സാഹിബിലേക്കുള്ള പ്രവേശനകവാടം കൂടിയാണ് ജോശിമഠ്. ചൈനയുമായുള്ള ഇന്ത്യന്‍ അതിര്‍ത്തിയിലെ പ്രധാന സൈനികകേന്ദ്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.