ന്യൂഡൽഹി:രവിദാസ് ജയന്തിയോട് അനുബന്ധിച്ചു ഡൽഹി കരോൾ ബാഗിലെ ഗുരു രവിദാസ് വിശ്രം ധാം മന്ദിറിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്ത്രീകളടക്കമുള്ള വിശ്വാസികളുമായി സംസാരിച്ച മോദി, അവരോടൊപ്പം ‘ശബദ് കീർത്തൻ’ പരിപാടിയിലും പങ്കെടുത്തു.
വാദ്യോപകരണം വായിച്ച് ഭജന കീർത്തനാലാപനത്തിൽ പങ്കെടുക്കുന്നതിന്റെ വിഡിയോ മോദി ട്വിറ്ററിൽ പങ്കുവച്ചു. ‘വളരെ സവിശേഷമാർന്ന മുഹൂർത്തങ്ങൾ’ എന്ന വിശേഷണത്തോടെയാണു വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഗുരു രവിദാസിന്റെ ജീവിതം പ്രചോദനമാണെന്നു ക്ഷേത്രത്തിലെ സന്ദർശക പുസ്തകത്തിൽ മോദി കുറിച്ചു. രവിദാസ് ജയന്തിയുടെ ഭാഗമായി ഡൽഹി സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
‘വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും തുല്യമായി കാണാനും പരസ്പര സ്നേഹത്തിൽ അധിഷ്ഠിതമായി ജീവിക്കാനുമാണു ഗുരു രവിദാസ് പഠിപ്പിച്ചത്. തുല്യതയിൽ അധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കാൻ നമ്മളെല്ലാവരും സംഭാവനകൾ നൽകണം’– രാഷ്ട്രപതി റാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ആചാര്യനാണു ഗുരു രവിദാസ്. രവിദാസിയ വിഭാഗത്തിന്റെ സ്ഥാപകനായും ഇദ്ദേഹത്തെ കണക്കാക്കുന്നു.
Very special moments at the Shri Guru Ravidas Vishram Dham Mandir in Delhi. pic.twitter.com/PM2k0LxpBg
— Narendra Modi (@narendramodi) February 16, 2022