കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് 6 50 നാണ് പ്രധാനമന്ത്രി എത്തിയത്. തുടർന്ന് ഹെലികോപ്ടറിൽ ഏഴ് മണിയോടെ നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രയായി.
കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രകാശ് ജാവദേക്കര്‍ എം.പി., ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന, രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ, എ.എന്‍. രാധാകൃഷ്ണന്‍, പി.എസ് ജ്യോതിസ്, തമ്പി മറ്റത്തറ, ഉണ്ണികൃഷ്ണന്‍, സതീഷ്, രമ ജോര്‍ജ്, പി.ടി. രതീഷ്, വി.ടി. രമ, വി.എ. സൂരജ്, കെ.പി. മധു, എന്‍. ഹരിദാസന്‍, എ. അനൂപ് കുമാര്‍, പി. ദേവ്‌രാജന്‍ ദേവസുധ, അനിരുദ്ധന്‍, ഡോ. വൈശാഖ് സദാശിവന്‍, ഇ.യു ഈശ്വര്‍ പ്രസാദ് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിലുണ്ടായിരുന്നു.
രാത്രി 7.30 ഓടെ റോഡ് ഷോ തുടങ്ങും. കെ പി സി സി ജംഷ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംങ്ഷനിലെത്തി, ഗസ്റ്റ് ഹൗസിൽ എത്തും വിധമാണ് ഒരു കിലോ മീറ്റർ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഗുരൂവായൂർക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി മറ്റ് രണ്ട് പരിപാടികളിൽ കൂടി പങ്കെടുക്കും. ഇതിന് ശേഷമാകും ദില്ലിയിലേക്ക് മടങ്ങുക. പ്രധാനമന്ത്രി എത്തുന്നതോടെ കൊച്ചിയിലും തൃശൂരിലും ഗതാഗത ക്രമീകരണങ്ങളുണ്ടാകും. ഒപ്പം തന്നെ കനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
മഹാരാജാസ് ഗ്രൗണ്ട് മുതൽ ഗസ്റ്റ് ഹൗസ് വരെയുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനായി റോഡിന്റെ ഇരുഭാഗത്തും നിരവധി പേരാണ് തടിച്ചുകൂടിയിരിക്കുന്നത്. മോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 16-ന് ഉച്ചയ്ക്ക് രണ്ടുമണി മുതലും 17-ന് വെളുപ്പിന് മുന്നുമണി മുതൽ ഉച്ചവരെയുമായിരിക്കും ഗതാഗത നിയന്ത്രണം.
ഹൈക്കോർട്ട് ജങ്ഷൻ, എം.ജി. റോഡ് രാജാജി ജങ്ഷൻ, കലൂർ ജങ്ഷൻ, കടവന്ത്ര ജങ്ഷൻ, തേവര-മട്ടമ്മൽ ജങ്ഷൻ, തേവര ഫെറി, ബി.ഒ.ടി. ഈസ്റ്റ്, സിഫ്റ്റ് ജങ്ഷൻ എന്നീ ഭാഗങ്ങളിൽനിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നുണ്ട്. സിറ്റിയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല.
പശ്ചിമകൊച്ചി ഭാഗത്തുനിന്ന് ആശുപത്രിയിൽ പോകാൻ ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾക്കു വരുന്ന വാഹനങ്ങൾ തേവര ഫെറിയിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് മട്ടമ്മൽ ജങ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് കോന്തുരുത്തി റോഡിലൂടെ പനമ്പിള്ളി നഗർ വഴി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഭാഗത്തേക്കു പോകണം. വളഞ്ഞമ്പലത്തുനിന്ന് വലത്തേക്കു തിരിഞ്ഞ് ചിറ്റൂർ റോഡിലൂടെ ഇയ്യാട്ടുമുക്ക് മഹാകവി ജി റോഡിലൂടെ കാരിക്കാമുറി റോഡിൽ കയറി ഇടത്ത് തിരിഞ്ഞ് അമ്മൻകോവിൽ റോഡ് വഴി ഷേണായീസ് തിയേറ്റർ റോഡ് വഴി എം.ജി. റോഡിൽ യുടേൺ എടുത്ത് മുല്ലശ്ശേരി കനാൽ റോഡിലൂടെ ടി.ഡി. റോഡ് വഴി ജനറൽ ആശുപത്രിയിലേക്കും പോകണം.
വൈപ്പിൻ ഭാഗത്തുനിന്ന് കലൂർ ഭാഗത്തുനിന്നും വരുന്ന എമർജൻസി വാഹനങ്ങൾക്ക് ടി.ഡി. റോഡ് – കാനൻഷെഡ് റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയിൽ പ്രവേശിക്കാം.