ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ അറിയിച്ചു. പെട്രോള്‍, ഡീസല്‍, രാസവളങ്ങള്‍ എന്നിവയുടെ വിതരണത്തെ ഇത് പ്രതികൂലമായി ബാധിച്ചതായും, ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളെ ശക്തമായി എതിര്‍ത്ത പ്രധാനമന്ത്രി, ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. എത്രയും പെട്ടെന്ന് ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, യുദ്ധം മാനവരാശിക്ക് അനുകൂലമല്ലെന്ന് ഓര്‍മ്മിപ്പിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ തലവന്മാരുമായി രണ്ടുതവണ സംസാരിച്ചതായും മോദി അറിയിച്ചു.
പ്രദേശത്ത് സമാധാനം കൊണ്ടുവരിക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനായി ഗള്‍ഫ് രാജ്യങ്ങള്‍, ഇറാന്‍, ഇസ്രായേല്‍, യുഎസ് എന്നീ രാജ്യങ്ങളിലെ തലവന്മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി. ഹോര്‍മൂസ് തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും അവരുമായി ചര്‍ച്ച ചെയ്തതായും, അന്താരാഷ്ട്ര സമുദ്രപാതകളായ ഹോര്‍മൂസ് പോലുള്ളിടങ്ങളില്‍കൂടി കടന്നുപോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിന്ന് 3.75 ലക്ഷം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സാധിച്ചു. ഇറാനില്‍ നിന്ന് 700 മെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കം ആയിരം പേരെയാണ് ഇന്ത്യയില്‍ തിരിച്ചെത്തിച്ചത്. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയില്‍ അതാത് രാജ്യങ്ങളില്‍ നിന്ന് ഉറപ്പുലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും, പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രതിസന്ധി നേരിടാനായി ഹോര്‍മൂസ് കടലിടുക്കില്‍ കൂടി ഇന്ത്യയിലേക്കുള്ള എല്‍പിജി ടാങ്കറുകള്‍ തടസ്സമില്ലാതെ കടന്നുവന്നതായും, ആഭ്യന്തര എല്‍പിജി ഉത്പാദനം ഇന്ത്യ വര്‍ദ്ധിപ്പിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യന്‍ മേഖലയിലെ സമാധാനത്തിനും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്കും പൗരന്മാരുടെ ജീവനും വേണ്ടിയുള്ള നയതന്ത്രപരമായ ഇടപെടലുകള്‍ തുടരുമെന്ന് പ്രധാനമന്ത്രിയുടെ വാക്കുകള്‍ അടിവരയിട്ടു.
Prime Minister Narendra Modi informed the Rajya Sabha that the ongoing conflict in the Middle East is deeply concerning for India. He highlighted that the situation has adversely affected the supply of petrol, diesel, and fertilizers. The Prime Minister also assured that the Indian government has taken all necessary steps to ensure the safety of Indian citizens residing in Gulf nations.

