റോം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനിയും തമ്മിലുള്ള ഊഷ്മളമായ സൗഹൃദം ആഗോളതലത്തില്‍ തന്നെ എക്കാലത്തും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കാറുള്ളതാണ്. ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് സമൂഹമാധ്യമങ്ങള്‍ ‘മെലഡി’ (Melodi) എന്ന ഹാഷ്ടാഗ് പോലും രൂപീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇറ്റലി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ജോര്‍ജ മെലോനിക്ക് നല്‍കിയ ഒരു ‘മധുര സമ്മാനവും’ അതുണ്ടാക്കിയ വിപണി ചലനങ്ങളുമാണ് അന്താരാഷ്ട്ര തലത്തിലും ഓഹരി വിപണിയിലും ഒരേപോലെ ചൂടേറിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തമായ ‘പാര്‍ലെ മെലഡി’ (Parle Melody) ചോക്ലേറ്റുകളാണ് മോദി ഇത്തവണ മെലോനിക്ക് സമ്മാനമായി നല്‍കിയത്. സമ്മാനം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ഹ്രസ്വ വീഡിയോ ഇറ്റാലിയന്‍ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക എക്സ് (ട്വിറ്റര്‍) അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെ നിമിഷനേരം കൊണ്ട് അത് ആഗോളതലത്തില്‍ തരംഗമായി മാറി. തനിക്ക് നല്‍കിയ മധുര സമ്മാനത്തിന് മോദിക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മെലോനിയുടെ വീഡിയോ. ഔദ്യോഗിക സന്ദര്‍ശനത്തിനായി റോമിലെത്തിയ നരേന്ദ്ര മോദി, മെലോനിക്കൊപ്പം പ്രത്യേക അത്താഴ വിരുന്നില്‍ പങ്കെടുക്കുകയും ചരിത്രപ്രസിദ്ധമായ കൊളോസിയം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളും ഇതിനകം വൈറലായിട്ടുണ്ട്.
1983-ല്‍ പാര്‍ലെ ‘മെലഡി’ പുറത്തിറക്കുമ്പോള്‍, ഈ ചെറിയ മിഠായി എന്നെങ്കിലും ഒരു അന്താരാഷ്ട്ര നയതന്ത്രത്തിന്റെ ഭാഗമാകുമെന്ന് ആരും കരുതിയിരുന്നില്ല. ഈ മിഠായി ഒരിക്കലും ഒരു ലക്ഷ്വറി ഉല്‍പ്പന്നമായോ അല്ലെങ്കില്‍ ആളുകള്‍ കൊതിക്കുന്ന വസ്തുവായിട്ടോ അല്ല മാര്‍ക്കറ്റ് ചെയ്തിരുന്നത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു മിഠായി അല്ലെങ്കില്‍ ചില്ലറയ്ക്ക് പകരം കടയുടമകള്‍ കയ്യില്‍ വച്ചുതരാനും മാത്രമുള്ള ഒരു മിഠായിയായിരുന്നു അന്ന് മെലഡി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വെറും ഒരു രൂപ മാത്രമുള്ള ഈ മിഠായി അന്താരാഷ്ട്ര തലത്തില്‍ വലിയ ഹിറ്റായിരിക്കുകയാണ്. ഇറ്റലി സന്ദര്‍ശിക്കുന്ന മോദി, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിക്ക് നല്‍കിയ ‘മധുര സമ്മാനവും’ വന്‍ ചര്‍ച്ചയായി. പാര്‍ലെ ‘മെലഡി’ ചോക്ലേറ്റുകളാണ് മോദി മെലോനിക്ക് സമ്മാനിച്ചത്. സമ്മാനം കൈമാറുന്ന വിഡിയോ മെലോനി എക്‌സില്‍ പങ്കുവച്ചത് ചൂടപ്പം പോലെ വൈറലാണ്.
വില കുറവുള്ള മിഠായികള്‍ക്ക് വലിയ വിപണിയുണ്ടായിരുന്ന 1980-കളിലാണ് മെലഡി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. ആ കാലഘട്ടത്തില്‍, ഇറക്കുമതി ചെയ്ത ചോക്ലേറ്റുകളേക്കാള്‍ വിലകുറഞ്ഞ മിഠായികളും പ്രാദേശിക പലഹാരങ്ങളുമായിരുന്നു ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പരിചിതം.അതിനാല്‍ പാര്‍ലെ വളരെ ശ്രദ്ധയോടെയാണ് മെലഡിയെ വിപണിയില്‍ അവതരിപ്പിച്ചത്. അതില്‍ ചോക്ലേറ്റിന്റെ രുചിയുണ്ടായിരുന്നു, എന്നാല്‍ വില കൂടുതലായിരുന്നില്ല. കാരമല്‍ അടങ്ങിയിട്ടുണ്ടായിരുന്നെങ്കിലും വില കുറവായിരുന്നു. ചോക്ലേറ്റും, കാരമലും എന്ന ചേരുവ തന്നെയായിരുന്നു മിഠായിയുടെ ആകര്‍ഷണം.വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ഫോര്‍മുലയില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല.
പുതിയ ബ്രാന്‍ഡുകളും ചോക്ലേറ്റുകളുമൊക്കെ കളംപിടിക്കുമ്പോഴും മെലഡിയുടെ ആ സ്ഥാനം ഇപ്പോഴും അതുപോലെ തന്നെയുണ്ട്. പലര്‍ക്കും ഇതൊരു മിഠായി എന്നതിലുപരി ഒരു നൊസ്റ്റു കൂടിയാണ്. സാധാരണക്കാര്‍ക്കായി വിപണിയിലിറക്കിയ മിഠായികളില്‍ തലമുറകളായി മാറ്റമില്ലാതെ നിലനിന്നുപോന്നവ വളരെ ചുരുക്കമാണ്. അക്കൂട്ടത്തില്‍ മെലഡിയുടെ സ്ഥാനംപിടിച്ചു.
ഈ മിഠായി സോഷ്യല്‍ മീഡിയയില്‍ ഒരു മീം ആയി മാറുന്നത് 2023-ല്‍ ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയോടെയാണ്. അന്ന് മോദിയും മെലോനിയും ഒന്നിച്ച് പുഞ്ചിരിച്ചുനില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ ശ്രദ്ധയാകര്‍ഷിച്ചു. സോഷ്യല്‍ മീഡിയ ഇരുവരുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ‘മെലോഡി’ എന്നൊരു പുതിയ വാക്ക് ഉണ്ടാക്കി. എക്‌സ്, ഇന്‍സ്റ്റാഗ്രാം, മീം പേജുകള്‍ എന്നിവയിലുടനീളം ഈ വിളിപ്പേര് നിമിഷനേരം കൊണ്ട് വൈറലായി.ഇരു നേതാക്കളും പൊതുവേദികളില്‍ ഇടപഴകുമ്പോഴെല്ലാം ഈ മീം വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരുന്നു.
പിന്നീടാണ് 2024-ലെ ജി7 ഉച്ചകോടി വരുന്നത്. അവിടെ വച്ച് മേലോനി തന്നെ #Melodi എന്ന ഹാഷ്ടാഗോടെ മോദിക്കൊപ്പമുള്ള ഒരു രസകരമായ സെല്‍ഫി പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയ തമാശയെ ഏറ്റെടുത്തു. അത് കാര്യങ്ങളെയാകെ മാറ്റിമറിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ ആ ഹാഷ്ടാഗ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി. രാഷ്ട്രീയക്കാര്‍ സാധാരണയായി ഇത്തരം മീമുകളെ അവഗണിക്കാറുള്ളതുകൊണ്ട് ഭൂരിഭാഗം രാഷ്ട്രീയ മീമുകളും അധികനാള്‍ നിലനില്‍ക്കാറില്ല. എന്നാല്‍ ‘മെലോഡി’ വീണ്ടും ക്ലിക്കായത് നേതാക്കള്‍ തന്നെ അതിനെ അംഗീകരിച്ചതുകൊണ്ടാണ്.
ഇപ്പോള്‍ ജോര്‍ജിയ മെലോണിക്ക് ‘മെലഡി’ മിഠായിയുടെ പാക്കറ്റ് മോദി സമ്മാനിച്ചതോടെ വീണ്ടും ഇത് ചര്‍ച്ചയായി. ‘സമ്മാനത്തിന് നന്ദി’ എന്ന കുറിപ്പോടെ മോദി സമ്മാനിച്ച മെലഡി പാക്കറ്റുമായി ഇരുനേതാക്കളും ചിരിയോടെ നില്‍ക്കുന്നതിന്റെ വീഡിയോ ജോര്‍ജിയ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്. മോദിയുടെ സമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ട് മെലോനി പിന്നീട് ഒരു വീഡിയോയും പങ്കുവെച്ചു. മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയയിലും വൈറലായി.
ഈ നിമിഷത്തെ ഇത്രയധികം ജനപ്രിയമാക്കിയത് ആ സന്ദര്‍ഭത്തിന്റെ ലളിതവും രസകരവുമായ സ്വഭാവമാണ്. നയതന്ത്രം ബന്ധത്തിനിടെ ചിലപ്പോള്‍ ചില വസ്തുക്കളും അതിന്റെ പ്രതീകങ്ങളായി മാറാറുണ്ട്. ചിലപ്പോള്‍ അതൊരു ഔദ്യോഗിക വിരുന്നാകാം. ചിലപ്പോള്‍ ഒരു ചിത്രമാകാം. മറ്റു ചിലപ്പോള്‍ കൈപ്പടയിലെഴുതിയ കുറിപ്പോ ആകാം. എന്നാല്‍ ഇത്തവണ, ഭൂരിഭാഗം ഇന്ത്യക്കാരും രുചിച്ച ഒരു മിഠായിയായിരുന്നു ആ പ്രതീകം. അതാണ് മെലഡിയെ താരമാക്കിയത്. ഇന്നലെയാണ് നരേന്ദ്രമോദി റോമിലെത്തിയത്. ചരിത്രപ്രാധാന്യമുള്ള കൊളോസിയം ഉള്‍പ്പെടെ സന്ദര്‍ശിക്കും മുന്‍പ് മോദിയും മെലനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ മോദി എക്‌സില്‍ പങ്കുവച്ചിരുന്നു.
മോദി ജോര്‍ജിയയ്ക്ക് മധുര സമ്മാനം നല്‍കുന്ന പുറത്തുവന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തികച്ചും നാടകീയമായ ചില സംഭവവികാസങ്ങളാണ് അരങ്ങേറിയത്. വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ‘പാര്‍ലെ ഇന്‍ഡസ്ട്രീസ്’ (Parle Industries) എന്ന കമ്പനിയുടെ ഓഹരികള്‍ക്കാണ് ഈ ഒരൊറ്റ വീഡിയോയിലൂടെ അപ്രതീക്ഷിതമായി കോളടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഏതാണ്ട് 12:20 വരെ വലിയ നഷ്ടത്തിലായിരുന്നു ഈ കമ്പനിയുടെ ഓഹരി വ്യാപാരം നടന്നിരുന്നത്. തലേദിവസത്തെ ക്ലോസിങ് വിലയായ 5 രൂപയില്‍ നിന്നും ഇടിഞ്ഞ് ഇന്ന് 4.84 രൂപ വരെ താഴേക്ക് പോയ ഓഹരികള്‍ക്ക് മുന്നിലേക്കാണ് ‘രക്ഷക പരിവേഷത്തില്‍’ മോദി-മെലോനി വീഡിയോ എത്തുന്നത്. ദൃശ്യങ്ങള്‍ വൈറലായതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ ഈ കമ്പനിയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങി. ഇതോടെ ശരവേഗത്തില്‍ കുതിച്ചുയര്‍ന്ന ഓഹരി വില 5.25 രൂപയിലേക്ക് എടുത്തുയര്‍ന്നു. വെറും മിനിറ്റുകള്‍ക്കുള്ളില്‍ 5 ശതമാനം വിലക്കയറ്റം രേഖപ്പെടുത്തിയതോടെ ഓഹരി അതിന്റെ പ്രതിദിന നിയന്ത്രണപരിധിയായ അപ്പര്‍-സര്‍ക്യൂട്ടില്‍ (Upper Circuit) വ്യാപാരം അവസാനിപ്പിച്ചു.
എന്നാല്‍, വിപണിയെയും നിക്ഷേപകരെയും ഒരേപോലെ അമ്പരപ്പിച്ചുകൊണ്ട് ഈ കഥയില്‍ വലിയൊരു ട്വിസ്റ്റ് പിന്നീട് പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ച ‘പാര്‍ലെ മെലഡി ചോക്ലേറ്റുമായി’ ഓഹരി വിപണിയില്‍ കുതിച്ചുയര്‍ന്ന ‘പാര്‍ലെ ഇന്‍ഡസ്ട്രീസിന്’ യാതൊരുവിധ ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം. മെലഡി ചോക്ലേറ്റും, ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയങ്കരമായ പാര്‍ലെ-ജി, മൊണാക്കോ, ക്രാക്ക്ജാക്ക്, ഹൈഡ് ആന്‍ഡ് സീക്ക് തുടങ്ങിയ പ്രശസ്തമായ ബിസ്‌കറ്റുകളും നിര്‍മിക്കുന്നത് ‘പാര്‍ലെ പ്രോഡക്ട്സ്’ (Parle Products) എന്ന സ്വകാര്യ കമ്പനിയാണ്. അതേസമയം, ഓഹരി വിപണിയില്‍ ഇന്ന് നേട്ടമുണ്ടാക്കിയ ‘പാര്‍ലെ ഇന്‍ഡസ്ട്രീസ്’ ആകട്ടെ റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ വികസനം, പേപ്പര്‍ വേസ്റ്റ് റീസൈക്ലിങ് തുടങ്ങിയ തികച്ചും വ്യത്യസ്തമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. പേരിലുള്ള ‘പാര്‍ലെ’ എന്ന സാമ്യം കണ്ട് ചോക്ലേറ്റ് കമ്പനിയാണെന്ന് തെറ്റിദ്ധരിച്ച് നിക്ഷേപകര്‍ അബദ്ധത്തില്‍ പണം ഇറക്കിയതോടെയാണ് കമ്പനിക്ക് ഇന്നു ഭാഗ്യക്കുതിപ്പ് വീണുകിട്ടിയത്.
യഥാര്‍ത്ഥ ചോക്ലേറ്റ് നിര്‍മ്മാതാക്കളായ പാര്‍ലെ പ്രോഡക്ട്സ് നിലവില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കമ്പനിയാണ്. കമ്പനി പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (IPO) ഒരുങ്ങുന്നതായി നേരത്തേ ചില വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും, നിലവില്‍ അത്തരം പദ്ധതികളൊന്നും തന്നെയില്ലെന്ന് കമ്പനി മാനേജ്മെന്റ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതേസമയം, ലോക നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മെലഡി’ ചോക്ലേറ്റുകള്‍ കൈമാറിയതിലൂടെ തങ്ങളുടെ ബ്രാന്‍ഡിന് വലിയ രീതിയിലുള്ള ആഗോള ശ്രദ്ധയും പരസ്യവുമാണ് ലഭിച്ചതെന്ന് പാര്‍ലെ പ്രോഡക്ട്സ് അധികൃതര്‍ അതീവ സന്തോഷത്തോടെ പ്രതികരിച്ചു. പേരിലെ സാമ്യം കൊണ്ട് ഓഹരി വിപണിയില്‍ ചിലര്‍ക്ക് അബദ്ധം പറ്റിയെങ്കിലും, ‘മെലഡി’ ചോക്ലേറ്റ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ തങ്ങളുടെ നയതന്ത്ര മധുരം പരത്തുകയാണ്.
Prime Minister Narendra Modi gifted a packet of ‘Parle Melody’ chocolates to Italian Prime Minister Giorgia Meloni during his official visit to Rome, sparking a massive wave on social media. The viral video led to a hilarious mix-up in the Indian stock market, where shares of a completely unrelated listed company named ‘Parle Industries’ surged by 5% and hit the upper circuit. Investors mistakenly poured money into the real estate firm, confusing it with the actual manufacturer, ‘Parle Products,’ which remains an unlisted private entity.


