ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ വൈറലായിരിക്കുകയാണ് മാസങ്ങൾക്ക് മുമ്പുള്ള രാഹുൽഗാന്ധിയുടെ ട്വീറ്റ്. ‘എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, കർഷകവിരുദ്ധ നിയമങ്ങൾ സർക്കാരിന് പിൻവലിക്കേണ്ടിവരും’, ഈ വർഷം ആദ്യം രാഹുൽ കുറിച്ചതാണ് ഈ വാക്കുകൾ. ഇതിൻറെ സ്ക്രീൻഷോട്ടുകളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
2021 ജനുവരി 14-നാണ് മാധ്യമങ്ങളോട് സംസാരിക്കുന്ന ചെറിയ വീഡിയോ സഹിതം രാഹുൽഗാന്ധി ഇക്കാര്യം ട്വീറ്റ് ചെയ്തത്. ‘കർഷകർ ഇപ്പോൾ നടത്തുന്ന സമരത്തിൽ എനിക്ക് അഭിമാനംതോന്നുന്നു. അവർക്ക് എന്റെ പൂർണപിന്തുണയുണ്ട്. ഇനിയും അവരോടൊപ്പംനിൽക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതരാകും, എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ’ എന്നാണ് 22 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ രാഹുൽഗാന്ധി പറയുന്നത്.
വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ രാഹുൽഗാന്ധിയുടെ ഈ ട്വീറ്റും വീഡിയോയും സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തു. നിരവധിപേരാണ് ജനുവരിയിൽ പുറത്തുവന്ന ഈ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.
Mark my words, the Govt will have to take back the anti-farm laws. pic.twitter.com/zLVUijF8xN
— Rahul Gandhi (@RahulGandhi) January 14, 2021
വെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിവാദമായ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. ഗുരുനാനാക്ക് ജയന്തി ദിനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകരുടെ സമരം തുടരുന്നതിനിടെയായിരുന്നു കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം. വിവാദ നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.