KeralaNationalNews

‘പ്രധാനമന്ത്രിയെ വിശ്വാസമില്ലെന്ന്‌ കര്‍ഷകര്‍’; പാര്‍ലമെന്‍റില്‍ നിയമം റദ്ദാക്കുംവരെ സമരം

ഡല്‍ഹി:വിവാദ കാർഷിക നിയമങ്ങൾ ( farm laws )പിന്‍വലിക്കുമെന്ന ‌തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അഖിലേന്ത്യ കിസാന്‍ സഭ( All India Kisan Sabha ).നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങളും മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണം. സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോ​ഗം ചേരും. പാര്‍ലമെന്‍റ് വഴി നിയമങ്ങള്‍ പിന്‍വലിക്കുന്നതിനായി കാത്തിരിക്കുന്നെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. പാര്‍ലമെന്‍റില്‍ നിയമങ്ങള്‍ പിന്‍വലിച്ചശേഷമായിരിക്കും സമരം നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാകില്ലെന്നും കർഷകർ പറഞ്ഞു. ജനീകയ സമരത്തിന്‍റെ വിജയമെന്നായിരുന്നു കൃഷിമന്ത്രി പി പ്രസാദിന്‍റെ പ്രതികരണം പറഞ്ഞു.

ഒരു വർഷം നീണ്ടുനിന്ന കർഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഗുരുനാനാക്ക് ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക പ്രഖ്യാപനം. സമരം അവസാനിപ്പിക്കണമെന്നും കർഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായി. കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നത്. ഉൽപ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്ക് സമതിയിൽ പ്രാതിനിധ്യമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കടുത്ത തണുപ്പിനെയും ചൂടിനെയും അവഗണിച്ചാണ് കർഷകർ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിനെതിരെയും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയും കര്‍ഷകര്‍ തെരുവിൽ സമരം ചെയ്തത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നിയമങ്ങൾക്കെതിരെ സമര രംഗത്തെത്തി. എന്നാൽ സമരവേളയിലെല്ലാം കർഷകരെ തള്ളിയും പരിഹസിച്ചുമാണ് മുതിർന്ന കേന്ദ്രമന്ത്രിമാരടക്കം പ്രതികരിച്ചത്. ഒടുവിൽ കേന്ദ്ര സർക്കാരിന് രാജ്യത്തെ കർഷകർക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. രാജ്യത്തെ കർഷകരുടെ സത്യഗ്രഹത്തിന് മുന്നിൽ ധാർഷ്ട്യം തല കുനിച്ചുവെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

കർഷകരുടെ (farmers) ഒരു വർഷത്തിലധികം നീണ്ട ഐതിഹാസിക പോരാട്ടത്തിന്റെ ഫലമായാണ് കാർഷിക നിയമങ്ങൾ (farm law) പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപി (bjp) സർക്കാർ എത്തിയത്. സുപ്രീം കോടതി (supreme court) ഇടപെടൽ അടക്കം ഉണ്ടായിട്ടും ഒരു ഘട്ടത്തിലും ഭേദഗതിയല്ലാതെ പിൻവലിക്കില്ല എന്നതിൽ ഉറച്ച് നിന്ന കേന്ദ്ര സർക്കാരിന് ഏറ്റവും ഒടുവിൽ കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വരികയായിരുന്നു.

നിയമം തങ്ങൾക്കുവേണ്ടിയുളളതല്ലെന്നും പിൻവലിക്കാതെ മടങ്ങില്ലെന്നും പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ കർഷകർക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികളുമെത്തിയെങ്കിലും സമരം കർഷകരുടേതാണെന്നും അതിൽ രാഷ്ട്രീയം കലർത്തരുതെന്നുമായിരുന്നു കർഷകരുടെ പ്രതികരണം. എന്നാൽ എല്ലാ ഘട്ടങ്ങളിലും പ്രതിപക്ഷത്തിന്റെ പിന്തുണ കർഷകർക്ക് ഒപ്പമുണ്ടായിരുന്നു.

കാർഷിക നിയമം- സമര നാൾവഴികൾ

2020 സെപ്റ്റംബർ 14 നാണ് കാർഷിക നിയമത്തിന്റെ ഓർഡിനൻസ് പാർലമെന്റിലെത്തിയത്. സെപ്റ്റംബർ 17 ന് ഓർഡിനൻസ് ലോക്സഭയും സെപ്റ്റംബർ 20 ന് രാജ്യസഭയിൽ ശബ്ദവോട്ടോടെയും പാസാക്കി. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങളെ വകവെക്കാതെയായിരുന്നു പാർലമെന്റിലെ നടപടി.

പഞ്ചാബിൽ നിന്നുമാണ് കാർഷിക നിയമങ്ങൾക്കെതിരായ ആദ്യ സമരമുണ്ടായത്. 2020 സെപ്റ്റംബർ 24 നാണ് നിയമത്തിനെതിരെ പഞ്ചാബിൽ കർഷകർ സമരത്തിനിറങ്ങിയത്. അത് പിന്നീട് ഹരിയാന, യുപി, ദില്ലി തുടങ്ങി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും നീണ്ടു. സെപ്റ്റംബർ 25 ന് കർഷകരുടെ രാജ്യ വ്യാപക സൂചനാ സമരം നടന്നു. സെപ്റ്റംബർ 27 ന് കാർഷിക നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവംബർ 25 ന് കർഷകരുടെ റോഡ് ഉപരോധ സമരം നടന്നു. നവംബർ 26ന് ദില്ലി അതിർത്തിയിലേക്ക് കർഷകരെത്തി. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം സമരത്തിനിറങ്ങി.

ആകെ 12 വട്ടമാണ് കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തിയത്. ഡിസംബർ 3 നായിരുന്നു സർക്കാറിന്റെ കർഷകരുമായുള്ള ആദ്യ ചർച്ച. നിയമം പിൻവലിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചാണ് കേന്ദ്ര സർക്കാർ പ്രതിനിധികളെത്തിയത്. പിന്നീടുള്ള ചർച്ചകളിൽ നിയമത്തിൽ ഭേദഗതികളാകാം എന്ന നിലയിലേക്ക് കേന്ദ്രസർക്കാരെത്തി. എന്നാൽ നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന തീരുമാനത്തിൽ ഉറച്ചായിരുന്നു കർഷകർ.

കാർഷിക നിമയത്തിനെതിരെ കർഷകർ സുപ്രീം കോടതിയിലേക്ക് നീങ്ങി. ഡിസംബർ 11 ന് ഭാരതീയ കിസാൻ യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയുടെ ഇടപെടലിന്റെ ഭാഗമായി ഡിസംബർ 16 ന് കർഷകരും സർക്കാറുമായി ചർച്ചയ്ക്ക് സുപ്രീം കോടതി സമിതി രൂപീകരിച്ചു. പിന്നാലെ 2021 ജനുവരി 12 ന് നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2021 ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ ട്രാക്ടർ മാർച്ച് നടത്തി. അത് വലിയ സംഘർഷത്തിലേക്കും പ്രതിഷേധത്തിലേക്കും എത്തി എത്തി. ഫെബ്രുവരി 6 ന് കർഷകരുടെ ദേശ വ്യാപക ചക്ര സംതംഭന സമരം നടന്നു. മാർച്ച് 5 ന് 2021 നിയമത്തിനെതിരെ പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. മാർച്ച് 8 നാണ് സിംഗു അതിർത്തിൽ വെടിവയ്പ്പ് ഉണ്ടായത്. ഓഗസ്റ്റ് 7 ന് 2021 സമരത്തിന് പിന്തുണയുമായി 14 പ്രതിപക്ഷ പാർട്ടികളെത്തി. ഒടുവിൽ നവംബർ19 ന് നിയമം പിൻവലിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker