പ്ലസ് ടു പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

മണ്ണുത്തി: പ്ലസ് ടു പരീക്ഷയില്‍ തോല്‍ക്കുമെന്ന് പേടിച്ച് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. മണ്ണുത്തിക്കടുത്ത് ആറാംകല്ലില്‍ ആമ്പല്ലൂര്‍ കളരിക്കല്‍ വീട്ടില്‍ വിശ്വംഭരന്റെ മകള്‍ റിയയാണ് (17) ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ പെണ്‍കുട്ടി സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

അമ്മ ലതയോടൊപ്പമാണ് റിയ പതിവായി ഉറങ്ങിയിരുന്നത്. ചൊവ്വാഴ്ച അമ്മ ഉറങ്ങിയ ശേഷം മറ്റൊരു മുറിയില്‍ കയറിയാണ് ജീവനൊടുക്കിയത്. പരീക്ഷാഫലം നാളെ വരുമെന്നും ജയപ്രതീക്ഷയില്ലെന്നും അതുകൊണ്ട് പോകുന്നുവെന്നും എഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

തീ ആളിപ്പടര്‍ന്നപ്പോള്‍ നിലവിളിച്ച പെണ്‍കുട്ടിയുടെ ശബ്ദം കേട്ട് അമ്മ ഓടിയെത്തി കമ്പിളിത്തുണി കൊണ്ട് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അമ്മയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മണ്ണുത്തി പോലീസെത്തി ആംബുലന്‍സില്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെത്തിച്ചു. പിതാവ് വിശ്വംഭരന്‍ കുവൈറ്റില്‍ ഡ്രൈവറാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News