തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ഇന്ന് സ്കൂളുകളിലേക്ക്. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഇന്ന് ക്ലാസുണ്ടായിരിക്കില്ല. കുട്ടികളെ സ്വാഗതം ചെയ്യാന്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മണക്കാട് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രാവിലെ എത്തും.
സ്കൂള്‍ സമയക്രമം സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ ചെവിക്കൊള്ളരുത്. മാര്‍ഗരേഖയില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ എല്ലാവരെയും അറിയിക്കും. ഒന്നാം വര്‍ഷ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. അധിക ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം ഈ മാസം 23 ലെ അലോട്ട്മെന്റ് പരിശോധിച്ചതിനു ശേഷം ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടെ മുഴുവന്‍ ക്ലാസുകള്‍ക്കും അധ്യയനം ആരംഭിക്കും. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് തുടങ്ങുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ഒഴിവാക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഹയര്‍സെക്കന്‍ഡറി അക്കാദമിക് ജോയന്റ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
നവംബര്‍ ഒന്നിന് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളും പത്ത്, പ്ലസ് ടു ക്ലാസുകളുമാണ് തുടങ്ങിയത്. എട്ടാം ക്ലാസുകാര്‍ക്ക് നവംബര്‍ എട്ടിന് അധ്യയനം തുടങ്ങി. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളും തിങ്കളാഴ്ച സ്കൂളിലെത്തണം. ആദ്യ ദിവസം തന്നെ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖ പ്രകാരം ബാച്ചുകളാക്കുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്കൂളുകളില്‍ വരേണ്ട ദിവസങ്ങള്‍ ക്രമീകരിക്കുകയും ചെയ്യണം.