തിരുവനന്തപുരം:ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനം ഓഗസ്റ്റ് ആദ്യയാഴ്ച മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറൽ അറിയിച്ചു. ഇത്തവണ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും. പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ 20 ശതമാനം സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണു കൂട്ടുക. സേ പരീക്ഷ, പുനഃപരിശോധന എന്നിവയ്ക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം.
പരീക്ഷ എഴുതിയ 87.94 ശതമാനം കുട്ടികളും ഇത്തവണ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് രണ്ടാം വർഷ ഹയർസെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷാഫലം പ്രഖ്യാപിച്ചത്. മുഴുവൻ മാർക്ക് നേടിയവരുടെയും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരുടെയും എണ്ണത്തിലും വർധനവുവുണ്ട്. കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 85.13 ആയിരുന്നു.
റെഗുലർ വിഭാഗത്തിൽ നിന്ന് 3,28,702 പേർ ഉന്നത പഠനത്തിന് യോഗ്യത നേടിയപ്പോൾ ഓപ്പൺ സ്കൂളിൽ നിന്ന് 25,292 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. വിജയശതമാനം 53 ശതമാനം. സയൻസ് വിഭാഗത്തിൽ 1,59,988 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. 90.52 ശതമാനം വിജയം. ഹ്യൂമാനിറ്റീസിൽ 63,814 പേർ ഉന്നതപഠനത്തിന് അർഹരായി. വിജയ ശതമാനം 80.04 ശതമാനം. കൊമേഴ്സിൽ 1,40,930 പേരാണ് ഉന്നത പഠനത്തിനർഹരായത്. 89.13 ശതമാനം. ടെക്നിക്കൽ വിഭാഗത്തിൽ 1011 പേരാണ് ഉപരിപഠനത്തിന് അർഹരായത്. 84.39 ശതമാനം. ആർട്ട് വിഭാഗത്തിൽ 67 പേർ യോഗ്യത നേടി.89.33 ശതമാനം.
സർക്കാർ സ്കൂളിൽ പരീക്ഷയെഴുതിയ 1,58,380 പേരിൽ 1,34,655 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. അതായത് 85.02 ശതമാനം വിജയം. എയ്ഡഡ് സ്കൂളിൽ പരീക്ഷയെഴുതിയ 1,91,843 പേർ പരീക്ഷയെഴുതിയതിൽ യോഗ്യത നേടിയത് 1,73,361 പേർ യോഗ്യത നേടി. അതായത് 90.37 ശതമാനം വിജയം.
അൺഎയ്ഡഡ് മേഖലയിൽ പരീക്ഷയെഴുതിയ 23,358 പേർ പരീക്ഷയെഴുതിയതിൽ 20,479 പേർ യോഗ്യത നേടി. 87.67 ശതമാനം വിജയം. സ്പെഷൽ സ്കൂളിൽ പരീക്ഷയെഴുതിയ 207 പേരും ജയിച്ചതോടെ 100 ശതമാനം വിജയമാണ് കൈവരിച്ചത്.കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടയിലും 4,46,471 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷയെഴുതിയത്.
11 സർക്കാർ സ്കൂളുകൾ ഉൾപ്പെടെ 136 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 48,383 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിൽ – 91.11%. കുറവ് വിജയശതമാനം കുറവ് പത്തനംതിട്ട ജില്ലയിൽ- 82.53%.