തിരുവനന്തപുരം: പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 46 വയസായിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളില്‍ പാടി. ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലെ ‘അമ്പിളിപൂവട്ടം പൊന്നുരുളി’എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി പാടിയത്. ‘രാക്കിളിപ്പാട്ടി’ലെ ‘ധും ധും ധും ദൂരെയേതോ’ ‘കാക്കക്കുയിലി’ലെ ‘ആലാരേ ഗോവിന്ദ’,’അയ്യപ്പനും കോശിയി’ലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്.
‘കുരുതി’യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്. കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. സംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ.