30 C
Kottayam
Friday, May 17, 2024

റെയിഡിൽ പിടി കൂടിയത് 257 കോടി രൂപ,വ്യവസായി പീയൂഷ് ജെയിൻ അറസ്റ്റിൽ

Must read

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ വൻ കള്ളപ്പണ വേട്ട (Kanpur Raid ). കള്ളപ്പണവുമായി ബന്ധപ്പെട്ട റെയിഡിൽ കാൺപൂർ വ്യവസായി പീയൂഷ് ജെയിനെ ജി എസ് ടി ഇൻ്റലിജൻസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ റെയിഡിൽ 257 കോടി രൂപയാണ് പിടികൂടിയത്. ഇയാളുടെ കാൺപൂരിലെ വസതിയിൽ നിന്നും പല സംസ്ഥാനങ്ങളിലായുള്ള സ്ഥാപനങ്ങളിൽ നിന്നുമാണ് പണം കണ്ടെത്തിയത്.

വീട്ടിൽ നിന്നുമാത്രം 90 കോടിയാണ് കണ്ടെത്തിയത്. വീട്ടിലെ രണ്ട് വലിയ അലമാരകളിൽ നിന്ന് നിറയെ പണം സൂക്ഷിച്ചിരിക്കുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.ആദായ നികുതി വകുപ്പ് സംഘം 36 മണിക്കൂർ എടുത്താണ് റെയ്ഡ് പൂർത്തിയാക്കിയത്. 5 നോട്ടെണ്ണൽ മെഷീനുകൾ ഉപയോഗിച്ചാണ് പിടിച്ചെടുത്ത പണം എണ്ണിത്തീർത്തത്. കണ്ടെയിനർ ലോറിയിലാണ് ഉദ്യോഗസ്ഥർ പണം  കൊണ്ടുപോയത്. പീയൂഷ് ജെയിൻ ഷെൽ കമ്പനികൾ വഴി പണം വകമാറ്റിയെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.

പീയൂഷ് ജെയിന്റെ വീട്ടിൽ പ്ലാസ്റ്റിക് കവറിൽ റിബ്ബൺ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു കറൻസികൾ സൂക്ഷിച്ചിരുന്നത്. നോട്ടു കെട്ടുകൾ കണ്ട് കണ്ണ് തള്ളിയ അവസ്ഥയിലായിരുന്നു പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ അവസ്ഥ. പിയൂഷ് ജെയിന്റെ കാൺപൂർ, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിൽ നിന്നും കാൺപൂരിലെ വസതിയിൽ നിന്നുമാണ് പണം പിടികൂടിയത്. വീടിന് പുറമേ ഓഫീസിലും കോൾഡ് സ്‌റ്റോറേജിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിലും പരിശോധന നടത്തി. ഒടുവിൽ കണ്ടെയിനർ എത്തിച്ചാണ് പണം പൊലീസ് ഇവിടെ നിന്നും മാറ്റിയത്.

ഇയാളുടെ ഉടമസ്ഥതയിൽ 40 കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ്  പറയുന്നത്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യാപാരിയാണ് പിയൂഷ് ജെയിനെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.  സമാജ്‌വാദി പാർടിയുടെ പേരിൽ ‘സമാജ്‌വാദി അത്തർ’ പുറത്തിറക്കിയത് ജെയിനാണെന്നും ഇവർ പറയുന്നു.  ഇയാളുടെ സഹോദരൻ പമ്മി ജെയിൻ മുതിർന്ന എസ്പി നേതാവാണ്. അതേസമയം പിയൂഷ് ജെയിനുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് സമാജ് വാദി പാർട്ടി പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week