കാണാക്കാഴ്ച്ചകൾ തേടി ജയിംസ് വെബ് പറന്നു പൊങ്ങി; ആദ്യഘട്ടം വിജയം, രണ്ടു നിർണായക പ്രക്രിയകൾ പൂർത്തീകരിച്ചു
ന്യൂയോർക്ക്• ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരുന്ന ജയിംസ് വെബ് ടെലിസ്കോപ്പിന്റെ ബഹിരാകാശത്തേക്കുള്ള വിക്ഷേപണത്തിന്റെ ആദ്യഘട്ടം ശനിയാഴ്ച തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ സ്പേസ് സെന്ററിൽ നിന്നു വിജയകരമായി പൂർത്തീകരിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 5.50നു നടന്ന വിക്ഷേപണത്തിൽ ഭദ്രമായി മടക്കി വച്ച വമ്പൻ ടെലിസ്കോപ്പുമായി യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആരിയാനെ 5 റോക്കറ്റ് പറന്നുയർന്നു. 27 മിനിറ്റ് പിന്നിട്ട ശേഷം റോക്കറ്റിൽ നിന്നു ടെലിസ്കോപ് പുറത്തെത്തി.
ലോകത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്കോപ്പാണ് ജയിംസ് വെബ്. വിഖ്യാത ബഹിരാകാശ ടെലിസ്കോപ്പായ ഹബ്ബിളിന്റെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇത്, ആദിമ പ്രപഞ്ച ഘടന, തമോഗർത്തങ്ങൾ, പുറംഗ്രഹങ്ങളിലെ കാലാവസ്ഥ, ജീവസാധ്യത, യുറാനസ്–നെപ്ട്യൂൺ ഗ്രഹങ്ങളുടെ സവിശേഷതകൾ എന്നിവയെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകും.
വിക്ഷേപണത്തിനു ശേഷം വളരെ നിർണായകമായി ശാസ്ത്രജ്ഞർ കാണുന്ന രണ്ട് പ്രവർത്തനങ്ങളും ജയിംസ് വെബ് ടെലിസ്കോപ് വിജയകരമാക്കി. ഊർജത്തിനായുള്ള സോളർ പാനലുകൾ വിടർത്തിയതാണ് ഒന്ന്. ലക്ഷ്യസ്ഥാനമായ, ഭൂമിയിൽ നിന്നു 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എൽ2 ഭ്രമണപഥത്തിലേക്കുള്ള യാത്രയുടെ ദിശ ശരിയാക്കാനുള്ള ജ്വലനം പൂർത്തീകരിച്ചതാണ് രണ്ടാമത്തേത്.
അതീവ നിർണായകവും കുഴപ്പങ്ങൾ സംഭവിക്കാൻ ഏറെ സാധ്യതയുള്ളതുമായ ഈ പ്രക്രിയ 65 മിനിറ്റ് നീണ്ടുനിന്നു. മടക്കിവയ്ക്കപ്പെട്ട നിലയിലുള്ള ടെലിസ്കോപ് പൂർണരൂപം പ്രാപിക്കാൻ കുറഞ്ഞത് 2 ആഴ്ചകളെടുക്കും. ഒരുമാസമെങ്കിലും സമയം പിന്നിട്ടശേഷമാകും ഇതു ലക്ഷ്യസ്ഥാനമായ എൽ2 ഭ്രമണപഥത്തിലേക്കു ജയിംസ് വെബ് ചേർക്കപ്പെടുകയെന്നും നാസ അറിയിച്ചു.
ജയിംസ് വെബ് വിക്ഷേപണ വിജയത്തിനു പിന്നിൽ മലയാളി സാന്നിധ്യം. ടെലിസ്കോപ്പിന്റെ ഇന്റഗ്രേഷൻ ആൻഡ് സിസ്റ്റ് എൻജിനീയറിങ് വിഭാഗത്തിൽ പ്രവർത്തിച്ച ജോൺ ഏബ്രഹാം, ടെസ്റ്റ് എൻജിനീയറായ റിജോയ് തോമസ് എന്നിവരാണ് ഇവർ. ഹൂസ്റ്റൺ സ്വദേശികളായ ഇവർ 8 വർഷമായി പദ്ധതിയിൽ പ്രവർത്തിക്കുന്നുണ്ട്. ജോർജ് തെക്കേടത്തും നാൻസി ജോർജുമാണ് ജോൺ ഏബ്രഹാമിന്റെ മാതാപിതാക്കൾ. ഡോ. ജോർജ് എം. കാക്കനാട്-സാലി ജോർജ് ദമ്പതികളുടെ മകനാണു റിജോയ് തോമസ്.