ലുധിയാന: സാമൂഹികമാധ്യമങ്ങളിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരും ഭക്ഷണശാല നടത്തിപ്പുകാരുമായ ദമ്പതിമാരുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ യുവതി അറസ്റ്റില്‍. ദമ്പതിമാരുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയെയാണ് ജലന്ധര്‍ പോലീസ് പിടികൂടിയത്. പ്രതിയായ യുവതിയെ ദമ്പതിമാര്‍ നേരത്തെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതാണെന്നും 20,000 രൂപ ചോദിച്ചാണ് യുവതി ദമ്പതിമാരെ ഭീഷണിപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
സാമൂഹികമാധ്യമങ്ങളില്‍ ‘കുല്‍ഹഢ് പിസ കപ്പിള്‍’ എന്നറിയപ്പെടുന്ന സെഹജ് അരോറ, ഭാര്യ ഗുര്‍പ്രീത് കൗര്‍ എന്നിവരുടെ പേരിലാണ് ചില ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്. എന്നാല്‍, ഈ വീഡിയോ വ്യാജമാണെന്നമായിരുന്നു സെഹജ് അരോറയുടെ പ്രതികരണം. പ്രചരിക്കുന്ന വീഡിയോ എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നാണ് കരുതുന്നതെന്നും ആരും വീഡിയോ ഷെയര്‍ ചെയ്യരുതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ഇത്തരം വീഡിയോ അയച്ചുനല്‍കി ചിലര്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, താന്‍ പണം നല്‍കാന്‍ തയ്യാറായില്ല. ഇതോടെയാണ് വീഡിയോ വ്യാപകമായി പ്രചരിച്ചതെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ പ്രതിയായ യുവതിയെ പോലീസ് പിടികൂടിയത്.
ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചാണ് പ്രതി പണം ആവശ്യപ്പെട്ട് ദമ്പതിമാരെ ഭീഷണിപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. ജോലിയില്‍ മികവ് പുലര്‍ത്താത്തതിനാല്‍ യുവതിയെ നേരത്തെ സ്ഥാപനത്തില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് സെപ്റ്റംബര്‍ ഏഴാം തീയതി, വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് യുവതി ദമ്പതിമാരുടെ അക്കൗണ്ടിലേക്ക് സന്ദേശം അയച്ചത്.
ദമ്പതിമാരുടെ സ്വകാര്യവീഡിയോ കൈവശമുണ്ടെന്നും ഇത് പുറത്താകാതിരിക്കണമെങ്കില്‍ ഇരുപതിനായിരം രൂപ വേണമെന്നുമായിരുന്നു ആവശ്യം. പണം നല്‍കേണ്ട അവസാനതീയതിയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും യുവതി അയച്ചുനല്‍കിയിരുന്നു. ഈ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ജലന്ധറിലെ ഭക്ഷണശാല നടത്തിപ്പുകാരായ സെഹജ് അരോറയും ഭാര്യ ഗുര്‍പ്രീത് കൗറും മണ്‍പാത്രങ്ങളില്‍ പിസ വിളമ്പിയാണ് ശ്രദ്ധനേടിയത്. സാമൂഹികമാധ്യമങ്ങളില്‍ ഇവരുടെ ‘പിസ’ വീഡിയോകളും ഏറെ വൈറലായിരുന്നു.