കൊച്ചി: പിങ്ക് പോലീസ് പെൺകുട്ടിയെ അപമാനിച്ച കേസിൽ ഒന്നരലക്ഷം രൂപ സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവെക്കുകയും വേണം. അപമാനിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വേണമെന്നും പോലീസ് മേധാവിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി.
നഷ്ടപരിഹാരം നൽകാനാവില്ലെന്ന സർക്കാരിന്റെ കഴിഞ്ഞദിവസത്തെ നിലപാടിന് കനത്ത തിരിച്ചടിയാണ് കോടതിയിൽനിന്നുണ്ടായിരിക്കുന്നത്. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും അതിനാൽ നഷ്ടപരിഹാരം നൽകേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു സർക്കാർ നിലപാട്.
എന്നാൽ എട്ടുവയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതിച്ചെലവായി 25,000 രൂപ കെട്ടിവെക്കാനും കുട്ടിയെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ അച്ചടക്ക നടപടി സ്വീരിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പ്രത്യേക പരിശീലനം ഈ ഉദ്യോഗസ്ഥയ്ക്ക് നൽകണമെന്നും ജില്ലാ പോലീസ് മേധാവിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.