പ്രണവ് മോഹൻലാലിന്‍റെ ‘ഹൃദയം’ ജനുവരിയിൽ;റിലീസ് തിയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ
ലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ (Pranav Mohanlal) ചിത്രമാണ് ‘ഹൃദയം’ (Hridayam). പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) ആണ്. ഒരിടവേളയ്ക്ക് ശേഷമുള്ള പ്രണവിന്റെ സിനിമയിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകരും. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
2022 ജനുവരി 21ന് ചിത്രം തിയറ്ററുകളിൽ എത്തും. മോഹൻലാൽ ആണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. വിനീത് പ്രണവ് തുടങ്ങി നിരവധി താരങ്ങൾ റിലീസ് പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ നിവിൻ പോളി നായകനാകുന്ന തുറമുഖം, ദുൽഖർ നായകനാകുന്ന സല്യൂട്ട്, ടൊവിനോയുടെ നാരദൻ തുടങ്ങിയ സിനിമകൾ നുവരിയിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് ഹൃദയവും എത്തുന്നത്.
15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചിത്രത്തിലെ ‘ദര്‍ശന’ സോംഗ് ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടി കഴിഞ്ഞു. പിന്നാലെ വന്ന രണ്ട് പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് ‘ഹൃദയ’ത്തിന്‍റെ സംഗീത സംവിധായകന്‍. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.