KeralaNews

എല്ലാ ജില്ലകളേയും ബന്ധിപ്പിക്കുന്ന ഫ്ലൈറ്റ് സർവ്വീസ് വേണമെന്ന് പ്രതിപക്ഷ എംഎൽഎ, ഇത്ര വലിയ അബദ്ധം പറയുമെന്ന് കരുതിയില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം : എല്ലാ ജില്ലകളേയും ബന്ധിപ്പിക്കുന്ന ഫ്ലൈറ്റ് സർവ്വീസ് വേണമെന്ന് പ്രതിപക്ഷ എംഎൽഎ മഞ്ഞളാംകുഴി അലി നിയമസഭയിൽ. ചോദ്യോത്തരവേളയിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കിടെയാണ് മഞ്ഞളാം കുഴി അലി ജില്ലകളെ ബന്ധിപ്പിച്ച് ഫ്ലൈറ്റ് സർവ്വീസ് സർക്കാർ പരിഗണിക്കുമോയെന്ന് ആരാഞ്ഞത്. വലിയ വ്യവസായിയായിരുന്ന മഞ്ഞളാം കുഴി അലി ഇത്ര വലിയ അബദ്ധം പറയുമെന്ന് കരുതിയില്ലെന്നായിരുന്നു ചിരിച്ചുകൊണ്ട് ഇതിന് മുഖ്യമന്ത്രിയുടെ മറുപടി. 

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കാർഷികോത്പാദനം നഷ്ടപ്പെടും, പലഭൂഷ്ടിയുള്ള ഭൂമി നഷ്ടപ്പെടും അന്തരീക്ഷ മലിനീകരണം, വായു മലിനീകരണമടക്കമുണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ പലതും പ്രളയസാധ്യതയുള്ളതാണ്. അതിനാൽ സംസ്ഥാനത്തിന് സിൽവർ ലൈൻ അനുയോജ്യമല്ലെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ  സിൽവർ ലൈൻ പദ്ധതിയിൽ നിന്നും പിൻമാറി, പകരം പെട്ടന്ന് പോകുന്ന യാത്രക്കാരെ എത്തിക്കാൻ എല്ലാ ജില്ലകളെയും ബന്ധിപ്പിച്ച് ഫ്ലൈറ്റ് സർവ്വീസ്, അതല്ലെങ്കിൽ ഹെലിക്കോപ്ടർ സർവ്വീസ് എന്നിവ അനുവദിക്കുന്നത് സർക്കാർ പരിഗണിക്കുമോ എന്നായിരുന്നു ചോദ്യം. 

‘മറുപടി നൽകാൻ മുഖ്യമന്ത്രി ചിരിച്ചുകൊണ്ടാണ് എഴുന്നേറ്റത്. നിയമസഭാംഗമാകുന്നതിന് മുമ്പ് മഞ്ഞളാംകുഴി അലി നല്ല വ്യവസായിയാരുന്നു. കാര്യങ്ങൾ നല്ല രീതിയിൽ  നടത്താൻ ശേഷിയുള്ള ആളാണ് അദ്ദേഹമെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. ഇത്ര അബദ്ധമായ നിലപാട് എങ്ങനെ അങ്ങനെയുള്ളൊരാൾക്ക് പറയാൻ കഴിയുന്നുവെന്നാണ് പിണറായി ചിരിച്ചുകൊണ്ട് മറുപടി നൽകിയത്.  ഈ സമയത്ത് വിജയിച്ച വ്യവസായിയെന്ന് പറഞ്ഞ് സ്പീക്കറും ഒപ്പം കൂടി. കേരളത്തിൽ സിൽവർ ലൈൻ എംഎൽഎ ഉദ്ദേശിച്ച പോലുള്ള  പാരിസ്ഥിതിക പ്രത്യാഖ്യാതങ്ങളുണ്ടാക്കില്ലെന്നും പിണറായി മറുപടി നൽകി. 

അതേ സമയം, അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണെന്നും ചില പ്രത്യേക സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് കേന്ദ്ര സർക്കാർ സിൽവർ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി, പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകി. പദ്ധതിക്കുള്ള സാമൂഹാഘാത പഠനത്തിന് കല്ലിടുന്നതിനൊപ്പം ജിയോ ടാഗ് സർവെയും തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 

സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഏറെ ആവശ്യമാണ് കെ റെയിൽ. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുമതി തരേണ്ട കേന്ദ്ര സർക്കാരിന് എല്ലാകാലവും അനുമതി തരില്ലെന്ന് പറയാനാകില്ല. കേരളത്തിന് അർദ്ധ അതിവേഗ റെയിൽ വേണം. അതിന് പുതിയ ട്രാക്ക് വേണം. അതിനിനി സിൽവർ ലൈനെന്നോ കെ റെയിൽ എന്നോ അതല്ല മറ്റെന്തെങ്കിലും പേരിട്ടാലും പ്രശ്നമില്ല. നാടിന് വേണ്ടതാണ് ഈ പദ്ധതി. സംസ്ഥാനം അത് കേന്ദ്രത്തിന് മുന്നിലേക്ക് വെച്ചു, കേന്ദ്രം പദ്ധതിക്കുള്ള പണി ഏറ്റെടുക്കുകയാണെങ്കിൽ സന്തോഷമാണ്. സംസ്ഥാന അതി വേഗതയിലോടുന്ന ട്രെയിൻ വേണമെന്ന് മാത്രമേയുള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കെതിരായ സമരത്തിൽ ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ചുവെന്നതിനാണ് പൊലീസ് കേസുകളെടുത്തിട്ടുള്ളത്. ഈ കേസുകൾ പിൻവലിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്നും പിണറായി വിശദീകരിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button