എട്ടുവയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി;  ഇറച്ചിവെട്ടുകാരന്‍ അറസ്റ്റിൽ

ഡല്‍ഹി: എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 36-കാരനായ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റിലായി. രണ്ടാഴ്ച മുമ്പ് കാണാതായ പെണ്‍കുട്ടിയെ ഡല്‍ഹി രാജ്ഘട്ടിന് പിന്നിലുള്ള യമുന ഖാദറില്‍ നിന്ന് ഓഗസ്റ്റ് 18-നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റിലായ റിസ്‌വാന്‍ അലിയാസ് ബാദുഷയെന്ന കശാപ്പുകാരനും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് കണ്ടതാണ് ക്രൂരമായ കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ ഇയാള്‍ കൊലപ്പെടുത്തിയ ശേഷം മുഖം കത്തി കൊണ്ട് വികൃതമാക്കുകയും ചെയ്തിരുന്നു. യമുന ഖാദറിലെ കുറ്റിക്കാട്ടില്‍ ജീര്‍ണിച്ച നിലയിലാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്.

തുടര്‍ന്ന് കൊലപാകത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പോലീസിന്റെ 50 അംഗ സംഘം വ്യാപക തിരച്ചിലാണ് നടത്തിയിരുന്നത്. പ്രദേശത്തെ സിസിടിവികള്‍ മുഴുവന്‍ പരിശോധിച്ചതിനും 200 ഓളം പേരെ ചോദ്യം ചെയ്തതിനും ഒടുവിലാണ് പ്രതി റിസ്‌വാന്‍ എന്നയാളാണെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കുള്ള പങ്ക് പോലീസ് അന്വേഷിച്ച് വരികയാണിപ്പോള്‍. റിസ്‌വാനെ ചോദ്യം ചെയ്ത ശേഷം തിങ്കളാഴ്ച തന്നെ കൊലപാകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബിഹാര്‍ സ്വദേശിയായ റിസ്‌വാന്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി ഡല്‍ഹിയിലാണ് താമസിക്കുന്നത്. ചാന്ദ്‌നി മഹല്‍ മേഖലയിലെ ഒരു ഇറച്ചി കടയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ നടപ്പാതകളിലും പള്ളികളിലുമാണ് ഉറങ്ങിയിരുന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പിതാവിന്റെ പരാതി സെന്‍ട്രല്‍ ഡല്‍ഹി ഡിസിപി ശ്വേത ചൗഹാന് ലഭിക്കുന്നത്. തനിക്കും ഭാര്യക്കും മറ്റു മൂന്ന് മക്കള്‍ക്കുമൊപ്പം ജുഗ്ഗിയിലെ താമസസ്ഥലത്ത് ഉറങ്ങി കിടന്ന എട്ടു വയസുകാരിയായ മകളെ പുലര്‍ച്ച നാലുമണിയോടെയാണ് കാണാതായതെന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്.

പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെ ഓഗസ്റ്റ് 18-ന് യമുന ഖേദറില്‍ ആട് മേയ്ക്കാനിറങ്ങിയ രണ്ടുപേര്‍ ഒരു പെണ്‍കുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. മൃതദേഹത്തിലെ വസ്ത്രം രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞതോടെ കാണാതായ എട്ടുവയസുകാരിയാണെന്ന് ഉറപ്പിച്ചു.

കനത്ത മഴയില്‍ മൃതദേഹം ചതുപ്പില്‍ മുങ്ങുകയും വെള്ളം ഇറങ്ങിയതോടെയാണ് ഇത് പുറത്തേക്ക് ദൃശ്യമായതെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ കണ്ടെത്താനുള്ള കാലതാമസത്തില്‍ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ വിശദീകരണം.കൊല്ലപ്പെടുന്നതിന് മുമ്പായി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വീടും പ്രദേശവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയാനായത്. പെണ്‍കുട്ടിയുമായി ഒരു കശാപ്പുകാരന് സൗഹൃദമുണ്ടായിരുന്നുവെന്നും അവള്‍ക്ക് ഇയാള്‍ പതിവായി മിഠായി വാങ്ങി നല്‍കാറുണ്ടെന്നും പ്രേദശത്തെ 200 ഓളം ആളുകളെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത പ്രദേശത്തുള്ള സിസിടിവികളിലും ഇയാളുടെ സാന്നിധ്യം പരിശോധിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു അറസ്റ്റ്.

ചോദ്യം ചെയ്യലില്‍ റിസ് വാന്‍ കുറ്റം സമ്മതിച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചു. ‘പെണ്‍കുട്ടിയുടെ അമ്മയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും കുട്ടിയുമായി തനിക്ക് സൗഹൃദമുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ അമ്മയുമായി അടുത്തിടപഴകുന്നത് ഒരു ദിവസം കുട്ടി കണ്ടു. അവള്‍ ഇക്കാര്യം അച്ഛനോട് പറയുമെന്ന ഭയപ്പെട്ടാണ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് റിസ്‌വാന്‍ പറഞ്ഞു’ ഡിസിപി ചൗഹാന്‍ വ്യക്തമാക്കി.

കുറ്റകൃത്യം നടന്നതിന്റെ തലേദിവസം രാത്രി ഇയാള്‍ മദ്യവും മയക്കുമരുന്നും കഴിച്ചിരുന്നു. പെണ്‍കുട്ടിയും കുടുംബവും ഉറങ്ങുന്നതിനായി കാത്തിരുന്നു. തുടര്‍ന്ന് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി യമുന ഖാദറിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News