കാസര്‍കോട്: കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പെയിന് ശേഷം രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്‌താവനയ്‌ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കേരളത്തില്‍ അതി നടപ്പാക്കില്ല.നടപ്പാക്കില്ലെന്നു പറഞ്ഞാല്‍ അത് നടപ്പാക്കില്ലെന്നാണ്. എന്താ മറ്റെവിടെയെങ്കിലും നടപ്പാക്കിയോ’ മുഖ്യമന്ത്രി ചോദിച്ചു.
നാട്ടിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും വര്‍ഗീയമായി ചേരിതിരവുണ്ടാക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് വര്‍ഗീയത വളരാനേ ഇടയാക്കൂവെന്നും മുഖ്യമന്ത്രി കാസര്‍കോട് ഉപ്പളയില്‍ എല്‍.ഡി.എഫിന്റെ ‘വികസന മുന്നേറ്റ ജാഥ’ ഉദ്‌ഘാടനത്തിൽ പറഞ്ഞു.
വര്‍ഗീയതയോട് വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിക്കണം. അത്തരം നിലപാട് സ്വീകരിക്കാത്തതാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ തന്നെ ബിജെപിയില്‍ എത്തിയതെന്നും പിണറായി പറഞ്ഞു. ജോസ്.കെ മാണിയും എല്‍ജെഡിയും വന്നതോടെ ഇടത് മുന്നണിയുടെ അടിത്തറ ഭദ്രമായതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.