കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷം വമിപ്പിക്കുന്ന വര്‍ഗീയവാദികള്‍ ആക്ഷേപിച്ചുവെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ‘വിഷം അല്ല കൊടുംവിഷം. വെറും വിഷം അല്ല. അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്. അതാണ് അദ്ദേഹത്തിന്റെ പത്യേകത എന്നല്ലേ കാണുന്നത്. വിഷം എന്നേ അന്നു ഞാന്‍ പറഞ്ഞിട്ടുള്ളൂ. കൊടും വിഷം എന്ന് പറയും അത്രയേ ഉള്ളൂ’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സാധാരണനിലയില്‍ ഒരു വിടുവായന്‍ പറയുന്ന കാര്യമാണ് ഇന്നലെ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ സംസാരിച്ചതെന്ന് മനസിലാക്കാന്‍ കഴിയാത്ത കാര്യമാണ്.
കേരളത്തിന്റേതായ തനിമ തകര്‍ക്കല്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വാര്‍ത്തകളാണ് ഇതിന്റെ ഭാഗമായി ഒരു മറയുമില്ലാതെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഇവിടെ പ്രചരിപ്പിക്കുന്നത് കണ്ടത്. അതൊരു പ്രത്യേക വിഭാഗത്തെ താറടിക്കാന്‍ വേണ്ടിയായിരുന്നു. അതില്‍ ആശ്ചര്യമില്ല, രാജീവ് ചന്ദ്രശേഖരും അദ്ദേഹത്തിന്റെ കൂട്ടാളികളും അത്തരമൊരു മാനസികാവസ്ഥയില്‍ നില്‍ക്കുന്നവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അദ്ദേഹത്തിന് കേരളത്തിലെ എല്‍ഡിഎഫിനെയേും സര്‍ക്കാരിനേയും കുറ്റം പറയേണ്ടതുണ്ടാവും. വ്യക്തിപരമായി തന്നെ ആക്ഷേപിക്കേണ്ടതുണ്ടാവും. അതൊന്നും കേരളത്തിന്റെ തനിമയെ തകര്‍ക്കാന്‍ ഇടയാക്കില്ല എന്നദ്ദേഹം മനസിലാക്കണം. രാജ്യത്തെ മന്ത്രിക്ക് അന്വേഷണ ഏജന്‍സിയെ വിശ്വാസം വേണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.