തിരുവനന്തപുരം: പിഎസ്സി വഴിയുള്ള നിയമനങ്ങൾ സുതാര്യമായി നടത്താൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിലവിലുള്ള രീതി അനുസരിച്ച് സാധാരണ വരുന്ന ഒഴിവിന്‍റെ അഞ്ചിരട്ടി കണക്കാക്കിയാണ് പിഎസ് സി ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതു വഴി ലിസ്റ്റിലുള്ള എൺപത് ശതമാനം പേര്‍ക്കും നിയമനം കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
ഒഴിവുകൾ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക എന്ന് മാത്രമാണ് ഇക്കാര്യത്തിൽ സര്‍ക്കാരിന് ചെയ്യാനുള്ളത്. പിഎസ് സിക്ക് ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും അടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സീനിയോറിറ്റി തര്‍ക്കം കോടതി മുമ്പാകെ നിലനില്‍ക്കുകയും കോടതി റഗുലര്‍ പ്രൊമോഷന്‍ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് നല്‍കിയതുമായ കേസുകളില്‍ മാത്രം താല്‍ക്കാലിക പ്രൊമോഷന്‍ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കും.
പ്രൊമോഷന് അര്‍ഹതയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ പ്രൊമോഷന്‍ നടക്കാത്ത സാഹചര്യം ചില വകുപ്പുകളിലുണ്ട്. ഇത്തരം പ്രൊമോഷന്‍ തസ്തികകള്‍ പി.എസ്.സി. ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് താല്‍ക്കാലികമായി തരംതാഴ്ത്തി ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. അര്‍ഹതയുള്ള ഉദ്യോഗസ്ഥര്‍ ലഭ്യമാകുന്ന മുറയ്ക്ക് താല്‍ക്കാലികമായി ഡീ-കേഡര്‍ ചെയ്ത നടപടി ഭേദഗതി ചെയ്യും.
ഈ നടപടികള്‍ പത്തു ദിവസത്തിനകം മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.
താൽകാലിക നിയമനം നടത്തുന്നത് വഴി പിഎസ് സി ലിസ്റ്റിലുള്ളവരുടെ അവസരം ഇല്ലാതാകുമെന്ന പ്രചാരണം ശരിയല്ല. പത്ത് വര്‍ഷത്തോളമായി താൽകാലിക തസ്തികയിൽ ജോലി ചെയ്യുന്നവര്‍ക്കാണ് നിയമന അംഗീകാരം നൽകുന്നത്. പത്ത് വര്‍ഷം എന്ന് പറയുമ്പോൾ തന്നെ ഇക്കാര്യത്തിൽ രാഷ്ട്രീയ പരിഗണന ഇല്ലെന്ന് അറിയാമല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു 20 വര്‍ഷമായി താൽകാലിക ജോലി ചെയ്യുന്നവര്‍ പോലും പട്ടികയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരിയിൽ അവസാനിക്കുന്ന പിഎസ് സി ലിസ്റ്റുകളുടെ എല്ലാം കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. ഏപ്രിൽ, മെയ് മാസങ്ങളിൽ വരുന്ന ഒഴിവുകളിൽ കൂടി അവസരം ലഭിക്കും. 47,000 തസ്തികകൾ സർക്കാർ സൃഷ്ടിച്ചു. ഇതിന്റെ കണക്കുകളും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. ഇടതു സര്‍ക്കാര്‍ അധികാരത്തിൽ എത്തിയ ശേഷം മാത്രം 1,57,911പേർക്ക് നിയമനം നൽകി. 4012 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്3113 മാത്രം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വസ്തുതകളെല്ലാം മറച്ചു വച്ച് ഉദ്യോഗാർത്ഥികൾക്ക് ഇടയിൽ തെറ്റിദ്ധാരണ പരത്താൻ ആണ് സംസ്ഥാനത്ത് ഇപ്പോൾ ശ്രമം നടക്കുന്നത്. ജോലിക്കാര്യം പറഞ്ഞ് വ്യാമോഹിപ്പിച്ചു നിരപരാധികളായ യുവാക്കളെ തെരുവിൽ ഇറക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു. അപകടകരമായ ചില കളികളും കണ്ടു. ഒരു ലിസ്റ്റിലും പെടാത്ത ആളുകളും വൈകാരിക പ്രകടനം നടത്തി. സൂക്ഷിചിച്ചു ചെയ്യേണ്ട കാര്യമാണ്. രാഷ്ട്രീയ താല്പര്യം നേടാൻ ജീവന് അപകടം വരുത്തുന്നത് മനുഷന് ചേർന്ന പ്രവർത്തി അല്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.