ഡോ. ഹാരിസിന്റെ വാക്കുകൾ കേരളത്തെ താറടിക്കാൻ ശ്രമിക്കുന്നവർ ഉപയോഗിച്ചു; വിമർശനവുമായി മുഖ്യമന്ത്രി

കണ്ണൂര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ഹാരിസ് ചിറയ്ക്കല്‍ അഴിമതി തീണ്ടാത്ത ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തെ പോലെ ഒരാള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ താറടിച്ച് കാണിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധം അതൃപ്തികള്‍ പുറത്തുവിട്ടാല്‍ നല്ല പ്രവര്‍ത്തനങ്ങളെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

‘കേരളത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നെഗറ്റീവായ കുറേകാര്യങ്ങള്‍ ബോധപൂര്‍വ്വം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ആരും അംഗീകരിക്കുന്നവിധത്തില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ നടന്ന നിരവധി കാര്യങ്ങളുണ്ട്. അടുത്ത കാലത്തുള്ള ചില കാര്യങ്ങള്‍ ചിന്തിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. നല്ലത് അതേ നിലയ്ക്ക് നില്‍ക്കാന്‍ പാടില്ലെന്ന് സമൂഹത്തില്‍ ചിലര്‍ക്ക് താത്പര്യമുണ്ട്. നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളാണ് ഇപ്പോ അതിന് മുന്‍കൈ എടുത്തിട്ടുള്ളത്,’ മുഖ്യമന്ത്രി ആരോപിച്ചു.

‘നമ്മുടെ ആരോഗ്യമേഖലയ്ക്ക് കേരളത്തിനകത്തും പുറത്തും പരക്കെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നേരത്തെയുള്ളതിനേക്കാള്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. അത് യാദൃശ്ചികമായി ഉണ്ടായതല്ല. ബോധപൂര്‍വ്വമായ ഇടപെടലിലൂടെ ഉണ്ടായതാണ്. ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതവും നല്ലരീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്രയുമായ സ്ഥിതിക്ക്, ഇപ്പോള്‍ ആരോഗ്യമേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. അതിന് കേന്ദ്രീകരിക്കുന്നത് മെഡിക്കല്‍ കോളേജുകളെയാണ്,’ അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ മെഡിക്കല്‍ കോളേജുകളൊക്കെ നല്ല രീതിയില്‍ അഭിവൃദ്ധിപ്പെട്ടു എന്ന് പൊതുവില്‍ അഭിപ്രായം വന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തെറ്റായ ചിത്രമാണ് അവര്‍ ഒരുവിഭാഗം ജനങ്ങളിലേക്കെങ്കിലും എത്തിക്കുന്നത്. നല്ല കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ടുമാത്രം ആ നല്ലത് അങ്ങനെ തന്നെ അവതരിപ്പിക്കപ്പെടണമെന്നില്ല. ബോധപൂര്‍വ്വം ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

‘ജോലിയോടുള്ള ആത്മാര്‍ഥതയുടെ ഭാഗമായി കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കിടുന്ന അവസ്ഥവന്നാല്‍ അത് തെറ്റായി ചിത്രീകരിക്കപ്പെടും. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയില്‍, പ്രതിഷേധം ഉയര്‍ത്തിയ ഡോക്ടര്‍ മോശക്കാരനാണെന്ന് ആരും പറയുന്നില്ല. നല്ല അര്‍പ്പണബോധത്തോടെ ജോലിയെടുക്കുന്ന ആളാണ് അദ്ദേഹമെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ അദ്ദേഹത്തെ ഉപയോഗിച്ച് നടന്നതെന്താണ്? അത്തരമൊരാള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി മാറിയില്ലേ?,’ അദ്ദേഹം ചോദിച്ചു.

‘അദ്ദേഹം അത് ഉദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല. എല്ലാ കാര്യങ്ങളും പൂര്‍ണ്ണമാണെന്ന് പറയാനാകില്ല. അഴിമതി തീണ്ടാത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം. അദ്ദേഹത്തിന് എന്തെങ്കിലും കാര്യത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ അത് അറിയിക്കാമായിരുന്നു. അല്ലാതെ കേരളത്തിലെ സര്‍ക്കാരിനെ താറടിച്ച് കാണിക്കാന്‍ നില്‍ക്കുന്ന ശക്തികള്‍ക്ക് ഒരു അവസരം ഉണ്ടാക്കി കൊടുക്കുകയായിരുന്നില്ല വേണ്ടത്. നാം നടത്തുന്ന നല്ല പ്രവര്‍ത്തനങ്ങളെല്ലാം തെറ്റായി ചിത്രീകരിക്കുന്നതിന് അത് ഇടവരുത്തും. അതാണ് ഇവിടെയും സംഭവിച്ചത്,’ മുഖ്യമന്ത്രി വ്യക്തമാക്കി.

‘ഇത്തരം കാര്യങ്ങള്‍ ഇനിയും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ചില ഉപകരണങ്ങള്‍ ഇല്ലാതെ ഉണ്ടാവാം, എന്നാല്‍ എല്ലാക്കാലവും ആ സ്ഥിതി തുടരില്ലല്ലോ. ഉപകരണങ്ങള്‍ വൈകാതെ വാങ്ങിനല്‍കില്ലേ? അദ്ദേഹം ഉന്നയിച്ച പ്രശ്‌നത്തിനുള്ള ഔദ്യോഗിക വിശദീകരണവും വന്നുകഴിഞ്ഞു. ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News