തിരുവനന്തപുരം: കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ കീഴടക്കി കിരീടം നേടിയ അര്‍ജന്റീനയ്ക്ക് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണാറായി വിജയന്. അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം എന്ന് മുഖ്യമന്ത്രി കുറിച്ചു. ഫുട്ബോള്‍ ആരാധകരുടെ സന്തോഷത്തില്‍ കൂട്ടത്തിലൊരാളായി പങ്കു ചേരുന്നു എന്നും തന്റെ ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രി കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
അതിര്‍ത്തികള്‍ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം. അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആര്‍ത്തുവിളിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരം ആ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നു. വാശിയേറിയ മത്സരത്തില്‍ യഥാര്‍ത്ഥത്തില്‍ വിജയിച്ചത് ഫുട്ബോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റുമാണ്.
അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്ബോള്‍ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാകട്ടെ. ഫുട്ബോള്‍ ആരാധകരുടെ സന്തോഷത്തില്‍ കൂട്ടത്തിലൊരാളായി പങ്കു ചേരുന്നു.
ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും തോല്പിച്ചത്. 22ആം മിനിട്ടില്‍ ഏഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീനയുടെ ജയം. റോഡ്രിഗോ ഡി പോള്‍ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ഒരു ലോംഗ് ബോള്‍ ക്ലിയര്‍ ചെയ്യാന്‍ ബ്രസീല്‍ പ്രതിരോധം പരാജയപ്പെട്ടപ്പോള്‍ പന്ത് ലോബ് ചെയ്ത് ഡി മരിയ ബ്രസീല്‍ ഗോള്‍വല തുളയ്ക്കുകയായിരുന്നു.
28 വര്‍ഷത്തിനു ശേഷമാണ് കോപ്പയില്‍ അര്‍ജന്റീനയുടെ കിരീടധാരണം. 1993ലായിരുന്നു അവര്‍ അവസാനമായി കോപ്പ നേടിയത്. മത്സരത്തില്‍ ആദ്യാവസാനം കളം നിറഞ്ഞുകളിച്ച റോഡ്രിഗോ ഡിപോള്‍ ആണ് അര്‍ജന്റീനയ്ക്ക് ജയമൊരുക്കിയത്. വിജയ ഗോള്‍ നേടിയ ഏഞ്ചല്‍ ഡി മരിയ ആണ് കളിയിലെ താരം.