KeralaNews

തെരുവിൽ നേരിടുമെന്നൊക്കെ കുറേ കേട്ടതാണ്, അതിന്റെ പ്രത്യാഘാതവും നേരിടണം: പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

കണ്ണൂർ: പഴയങ്ങാടി സംഘർഷത്തിന് പിന്നാലെ തെരുവിൽ നേരിടുമെന്ന കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരുവിൽ നേരിടുന്നത് ഒക്കെ ഒരുപാട് കണ്ടതാണെന്ന് പറഞ്ഞ അദ്ദേഹം, ഞങ്ങളെ കാണാനെത്തുന്ന ജനങ്ങളെ നേരിടുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രസ്താവനയെന്നും അങ്ങിനെയെങ്കിൽ അതിന്റെ പ്രത്യാഘാതവും നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു.

വികസനവുമായി ബന്ധപ്പെട്ട് നമ്മുടെ നാട് നേരിടുന്ന പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി ധർമ്മടം മണ്ഡലത്തിലെ നവ കേരള സദസ്സ് പരിപാടിയിൽ സംസാരിച്ചത്. പല കാര്യങ്ങളിലും കേരളം മുൻപന്തിയിലാണ്. അതിന് കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. അതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

ആ ശ്രമം ഒരു വശത്ത് നടക്കുമ്പോൾ നാടിനെ മുന്നോട്ട് വിടില്ലെന്ന നിലപാടാണ് നാടിനെ സംരക്ഷിക്കേണ്ട കേന്ദ്രങ്ങൾ സ്വീകരിക്കുന്നത്. അതിൽ പ്രധാനം കേന്ദ്ര സർക്കാരാണ്. കേന്ദ്ര ധനമന്ത്രിക്ക് സമർപ്പിക്കാനുള്ള നിവേദനത്തിൽ ഒപ്പിടാൻ ചില എംപിമാർ തയാറല്ലായിരുന്നു. സംസ്ഥാനത്തെ 18 വലത് എംപിമാർ എന്താണ് കേരളത്തിന്റെ പ്രശ്നങ്ങൾ ഉന്നയിക്കാത്തതെന്നും ചോദിച്ചു.

പാർലമെന്റിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ മടിയുള്ളവർ കേരളത്തെ അപകീർത്തിപ്പെടുത്താൻ ഉള്ള അവസരങ്ങൾ പാഴാക്കാറില്ലെന്നും പറഞ്ഞു. ഞങ്ങളുടെ പക്ഷത്തിന് അധികം നൽകണമെന്ന നിലപാടാണ് കേന്ദ്രത്തിന്.

കേരളത്തിൽ പ്രതിപക്ഷം എന്തിനും ബഹിഷ്കരണമാണ്. കെ ഫോണിന്റെ വരവോടെ കേരളം മാറും. ഇപ്പോൾ വേണ്ടെന്ന പ്രതിപക്ഷ നിലപാട് തുടർന്നിരുന്നുവെങ്കിൽ കേരളത്തിൽ പുതിയ പദ്ധതികൾ വരുമോയെന്നും ചോദിച്ചു. പ്രതിപക്ഷം വിഷമം മനസിലിട്ട് ഇരുന്നാൽ മതിയെന്നും മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിലെ ജനങ്ങളോട് നടത്തിയ പ്രസംഗത്തിൽ പരിഹസിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button