തിരുവനന്തപുരം പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് രണ്ടുപേര്‍ മത്സരിക്കുകയാണെന്നും അങ്ങനെയുള്ള പ്രസ്താവനയാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രസഹമന്ത്രി വി.മുരളീധരനും നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏതു പ്രതിപക്ഷ നേതാവിനും സാധാരണനിലയില്‍ ഉത്തരവാദിത്തം മറന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ആശ്ചര്യകരമായ നിലപാടാണ് ഇരുവരും സ്വീകരിക്കുന്നത്. അവരവര്‍ കണ്ടതും അനുഭവിച്ചതും ശീലിച്ചതുമായ കാര്യങ്ങള്‍ മറ്റെല്ലാവരും തുടരണം എന്നു തെറ്റിദ്ധരിക്കരുത്.
അതിന്റെ ഭാഗമാണ് വാക്‌സീന്‍ ചലഞ്ച് ഫണ്ട് വേറെ പോകുമോയെന്ന ആശങ്ക. എതു സ്ഥാനത്തിരുന്നാലും വിടുവായത്തം പറയാന്‍ പേരുകേട്ട ആളാണ് അദ്ദേഹമെന്നും മുരളീധരനെ ഉന്നമിട്ടു മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം തരംഗത്തിൽ ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യമാണ് പ്രധാന പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ വരുന്നവർ കർശനമായി ക്വാറന്റീൻ പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ശക്തമാക്കണം. അതിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കണം. ആൾക്കൂട്ടം ഒഴിവാക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ കോവിഡ് പ്രതിരോധ മാർഗങ്ങൾ കൃത്യമായി നടപ്പിൽ വരുത്തുന്നുവെന്ന് ഓരോ തദ്ദേശ സ്ഥാപനവും മത്സര ബുദ്ധിയോടെ പ്രവർത്തിക്കണം.
എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്നിപർവ്വതത്തിന് മുകളിലാണ് നാമിരിക്കുന്നത് എന്നത് നാം ഓർക്കണം. സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ യാന്ത്രികമായി ചെയ്യുന്നതിന് പകരം സ്വയം ഏറ്റെടുത്ത് അംഗീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.