പഴയങ്ങാടി: വഖഫ് സംരക്ഷണ റാലിയില്‍ മുസ്ലീംലീഗ് നേതാക്കള്‍ നടത്തിയ പ്രസംഗത്തില്‍ ലീഗിനെ വീണ്ടും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐഎം കണ്ണൂര്‍ ജില്ല സമ്മേളനത്തിന്‍റെ സമാപനത്തോട് അനുബന്ധിച്ച നടന്ന പൊതു സമ്മേളനത്തിലാണ് പിണറായി ലീഗിനെതിരെ രൂക്ഷമായി ഭാഷയില്‍ പ്രതികരിച്ചത്. മൂസ്ലീം ലീഗിന്റെ സംസ്കാരം കോഴിക്കോട് നാം കണ്ടതാണ്. ‘ചെത്തുകാരന്‍റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളം’ എന്ന ലീഗ് അണികളുടെ മുദ്രവാക്യം വിളി പരാമര്‍ശിച്ച പിണറായി തന്റെ പിതാവ് നിങ്ങളോട് എന്ത് തെറ്റ് ചെയ്തുവെന്ന് ചോദിച്ചു. ചെത്തു കാരനായി പോയതാണോ അദ്ദേഹം ചെയ്ത തെറ്റ്, നിങ്ങൾ ആരെ തോണ്ടനാണ് ഇത് പറയുന്നത്. ഞാൻ ചെത്തുകാരന്റെ മകനാണെന്നു പറഞ്ഞാൽ തനിക്ക് വല്ലാതെ വിഷമം ആകുമെന്നാണോ കരുതിയത്
എന്തിനാണ് ഇത്രയും അസഹിഷ്ണുത. ചെത്ത് കാരന്റെ മകൻ എന്നതിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ കോഴിക്കോട് മറ്റ് പലതും പറഞ്ഞു അതെല്ലാം ഇവിടെ പറയാന്‍ കഴിയുന്നതല്ലെന്ന് പിണറായി പറഞ്ഞു. അവരോട് അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്കാരമെങ്കിലും വേണമെന്നാണ് പറയാനുള്ളത്. പറഞ്ഞ ആൾക്ക് ഇത് ഉണ്ടോയെന്നു അവരുടെ സഹപ്രവർത്തകരോട് ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണെന്ന തീർത്തും അധിക്ഷേപപരമായ പരാമർശമാണ് ലീഗ് സംസ്ഥാനസെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി കോഴിക്കോട് റാലിയിൽ പ്രസംഗിച്ചപ്പോൾ നടത്തിയത്. ”റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണ്. അത് പറയാനുള്ള നട്ടെല്ലുണ്ടാകണം. സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള ‘വിഡ്ഢിത്തം’ സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡിവൈഎഫ്ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ ചിന്തിക്കണം”, എന്നീ പ്രസ്താവനകൾ അബ്ദുറഹ്മാൻ കല്ലായി നടത്തിയത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.
അതേ സമയം മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖഫ് റാലിക്കിടെ മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുളള പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് ലീഗ് നേതൃത്വം രംഗത്ത് എത്തിയിരുന്നു. റാലിയിൽ പ്രസംഗിച്ച ചിലര്‍ നടത്തിയ അനാവശ്യ പരാമർശങ്ങൾ തളളിക്കളയുന്നതായും ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ഇന്നലെ കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിൽ പ്രസംഗിച്ചവരിൽ നിന്നും ചില വ്യക്തിപരമായ പരാമർശങ്ങൾ വന്നത് ന്യായീകരിക്കുന്നില്ല. അത്തരം പരാമർശത്തിൽ ഖേദമുണ്ടെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കുന്നു. ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു.