തിരുവനന്തപുരം: ക്യാന്‍സര്‍ അതിജീവന പോരാട്ടത്തിന്റെ യഥാര്‍ഥ മാതൃകയായിരുന്ന നന്ദു മഹാദേവയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. കോഴിക്കോട് എം വി ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു നന്ദു മഹേദേവന്റെ അന്ത്യം.
‘അര്‍ബുദ രോഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിനു നല്‍കിയ തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തന്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകര്‍ന്നു.
സ്‌നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നു. ആദരാഞ്ജലികള്‍.’
രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് നന്ദു മഹാദേവയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് വന്നത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയും നന്ദുവിന് അനുശോചനം രേഖപ്പെടുത്തി. കാന്‍സര്‍ അതിജീവന പോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അര്‍ബുദ അതിജീവന സന്ദേശങ്ങളിലൂടെ എല്ലാവര്‍ക്കും സുപരിചതനായിരുന്നു. രോഗാവസ്ഥയില്‍ പോലും മറ്റുള്ളവര്‍ക്ക് സാന്ത്വനമേകാന്‍ നന്ദു നടത്തിയ ശ്രമങ്ങള്‍ വളരെ വലുതാണ്. നന്ദുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു- കെ.കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.