മമത ബാനര്‍ജിയുടെ സഹോദരന്‍ കൊവിഡ് ബാധിച്ച് മരിച്ചു
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഇളയ സഹോദരന്‍ അസിം ബാനര്‍ജി കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി കൊവിഡ് ചികിത്സയിലായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.
അതേസമയം, പശ്ചിമബംഗാളില്‍ വെള്ളിയാഴ്ച 20,846 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 10,94,802 ആയി ഉയര്‍ന്നു. 136 മരണവും വെള്ളിയാഴ്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ആവശ്യത്തിനു വാക്‌സിനില്ലാതെ വാക്‌സിന്‍ എടുക്കാന്‍ പറയുന്ന കേന്ദ്രസര്‍ക്കാരിനെതിരേ ഡല്‍ഹി ഹൈക്കോടതി രംഗത്തെത്തി. ഇക്കാര്യത്തിലുള്ള കോളര്‍ ടൂണ്‍ സന്ദേശം അരോചകമാണെന്നും കോടതി പറഞ്ഞു. നിങ്ങള്‍ ആവശ്യത്തിനു വാക്‌സിന്‍ നല്‍കുന്നില്ല. എന്നിട്ടും നിങ്ങള്‍ ഓരോ ടെലിഫോണ്‍ കോളിനും മുമ്പേ പറയുന്നു, വാക്‌സിന്‍ എടുക്കൂയെന്ന്. ഈ സന്ദേശംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നു ജസ്റ്റീസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കണം. ഇനി നിങ്ങള്‍ പണം ഈടാക്കാന്‍ പോവുകയാണെങ്കില്‍കൂടിയും വാക്‌സിന്‍ നല്‍കണം. കുട്ടികള്‍ പോലും അതു തന്നെയാണ് പറയുന്നത്- കോടതി ചൂണ്ടിക്കാട്ടി.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഒരേ സന്ദേശം തുടര്‍ച്ചയായി കേള്‍പ്പിക്കുന്നതിനു പകരം വ്യത്യസ്ത സന്ദേശങ്ങള്‍ തയാറാക്കണം. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകളുടെയും സിലിണ്ടറുകളുടെയും ഉപയോഗം, വാക്‌സിനേഷന്‍ തുടങ്ങിയ കാര്യങ്ങളിലുള്ള ബോധവത്കരണം നല്‍കുന്ന പരിപാടികള്‍ ടെലിവിഷന്‍ അവതാരകരെ ഉപയോഗിച്ച് തയാറാക്കി എല്ലാ ചാനലുകളിലും സംപ്രേഷണം ചെയ്തുകൂടേയെന്നും കോടതി ചോദിച്ചു.