കോഴിക്കോട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ട് എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനും ബി.ജെ.പിയുമായുള്ള വോട്ട് വ്യത്യാസം കുറയ്ക്കാനും കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്ന തിരഞ്ഞെടുപ്പ് ഫലമാണിതെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും പാലക്കാടും കാസര്‍കോടും എല്‍.ഡി.എഫ്. മൂന്നാംസ്ഥാനത്തായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ പാലക്കാട്ട് സാധാരണഗതിയില്‍ ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ അവിടെ എല്‍.ഡി.എഫിന്റെ നില വല്ലാതെ ശോഷിച്ചുപോയാലാണ് എല്‍.ഡി.എഫിന് വലിയ ക്ഷീണം സംഭവിച്ചു എന്നു പറയാനാവുക.
പക്ഷേ, പാലക്കാട്ട് എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം കുറയുകയല്ല ചെയ്തത്. യു.ഡി.എഫ്. ആണ് ജയിച്ചത്. നേരത്തെ ജയിച്ചതും യു.ഡി.എഫാണ്. കഴിഞ്ഞ കുറച്ചുകാലമായി യു.ഡി.എഫ്. ജയിക്കുന്ന മണ്ഡലമാണ്. അവിടെ എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം നല്ല നിലയില്‍ തന്നെ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അതാണ് പാലക്കാടുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചേലക്കരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി തൊട്ടുമുന്നില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചതാണ്. ആ സ്ഥാനാര്‍ഥി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേടിയ വോട്ട് നേടാന്‍ കഴിഞ്ഞോ? അവിടെ വോട്ട് കുറയുകയാണ് ചെയ്തത്. സ്ഥാനാര്‍ഥി ഒന്ന്. തിരഞ്ഞെടുപ്പ് രണ്ട്. പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ അതേ സ്ഥാനാര്‍ഥിക്ക് വോട്ടു കുറയുകയാണ് ചെയ്തത്.
അതേസമയം, എല്‍.ഡി.എഫിന് നല്ല രീതിയില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍ നല്ല വര്‍ധന നേടാന്‍ കഴിഞ്ഞു. നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചുവരാന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് കഴിഞ്ഞു. ഇത് സര്‍ക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള ജനവിശ്വാസം നഷ്ടപ്പെട്ടതിന്റെ ഭാഗമായാണോയെന്നും മുഖ്യമന്ത്രി ആരാഞ്ഞു.
2016-ല്‍ ആദ്യ എല്‍.ഡി.എഫ്. സര്‍ക്കാര്‍ രൂപംകൊള്ളുമ്പോള്‍ ചേലക്കരയിൽ മത്സരിച്ചത് യു.ആര്‍. പ്രദീപ് തന്നെ ആയിരുന്നു. അദ്ദേഹത്തിന് ആ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ഈ തിരഞ്ഞെടുപ്പില്‍ നേടാന്‍ കഴിഞ്ഞു. കേരളത്തില്‍ എല്‍.ഡി.എഫിന് നല്ല രീതിയില്‍ പിന്തുണ ലഭിച്ചിരിക്കുന്നു.
ബി.ജെ.പി. മഹാശക്തിയാണ് എന്ന് പറഞ്ഞുപരത്താന്‍ ശ്രമിച്ചവരുണ്ടല്ലോ. ആ ബി.ജെ.പി. വലിയതോതില്‍ പിന്നോട്ട് പോയി എന്നാണ് കാണാന്‍ കഴിയുന്നത്. ബി.ജെ.പിയുടെ പുറകോട്ട് പോക്കില്‍ വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയും ചെയ്യാതെ എല്ലാ ഘട്ടത്തിലും തത്വാധിഷ്ഠിത സമീപനം സ്വീകരിക്കുന്ന എല്‍.ഡി.എഫിന്റെ സമീപനം ഏറ്റവും പ്രസക്തമായതാണ്, മുഖ്യമന്ത്രി പറഞ്ഞു.
വയനാട് നേരത്തെ രാഹുല്‍ ഗാന്ധി ജയിച്ചുവന്ന മണ്ഡലമാണ്. ഇപ്പോള്‍ പ്രിയങ്കാ ഗാന്ധിക്കും അവിടെ വിജയം നേടാന്‍ കഴിഞ്ഞു. എല്‍.ഡി.എഫിന് ഏതെങ്കിലും തരത്തില്‍ ക്ഷീണമുണ്ടാക്കുന്ന ഒരു കര്യവും സംഭവിച്ചില്ലെന്ന് മാത്രമല്ല ബി.ജെ.പിക്ക് വലിയ തകര്‍ച്ചയുണ്ടായി. എല്‍.ഡി.എഫിന് കൂടുതല്‍ വോട്ട് നേടി ചേലക്കരയില്‍ വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞു. പാലക്കാട്ട് നേരത്തെ ഉള്ളതിനേക്കാളും വോട്ട് സമ്പാദിക്കാന്‍ കഴിഞ്ഞു. ബി.ജെ.പിയുമായുള്ള വോട്ട് വ്യത്യാസം കുറയ്ക്കാന്‍ കഴിഞ്ഞു. എല്‍.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്ന തിരഞ്ഞെടുപ്പ് ഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.