മട്ടന്നൂര്‍: മട്ടന്നൂരില്‍ നടന്ന നവകേരള സദസ്സില്‍ കൂടുതല്‍ സംസാരിച്ച കെ.കെ.ശൈലജയ്ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സ്ഥലം എംഎല്‍എയായ കെ.കെ.ശൈലജയായിരുന്നു മട്ടന്നൂരിലെ പരിപാടിയിലെ അധ്യക്ഷ. ശൈലജ കൂടുതല്‍ സമയം സംസാരിച്ചത് കൊണ്ട് മന്ത്രിമാര്‍ക്കും തനിക്കും സംസാരം ചുരുക്കേണ്ടി വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
‘നവകേരള യാത്രയില്‍ ഞങ്ങള്‍ 21 പേരുണ്ടെങ്കിലും മൂന്ന് പേര്‍ സംസാരിക്കാനുള്ള ക്രമമാണ് വരുത്തിയിട്ടുള്ളത്. ആ ക്രമീകരണത്തിന്‍റെ കുറവ് ഇവിടെ വന്നു. നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അധ്യക്ഷയ്ക്ക് നിങ്ങളെ കണ്ടപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കണമെന്ന് തോന്നി. സമയം കുറച്ച് കൂടുതലായി പോയി എന്നാണ് തോന്നുന്നത്. ഇനിയുള്ള സമയം കുറച്ച് ചുരുക്കമാണ്. എല്ലായിടത്തും എത്തിപ്പെടേണ്ടതുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.
മട്ടന്നൂരിലെ പരിപാടി അത്ര വലിയ പരിപാടിയായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറയുകയുണ്ടായി.”സൗഹൃദ സംഭാഷണത്തിനിടെ ഭാസ്‌കരന്‍ മാഷ് എന്നോട് ചോദിച്ചു, എങ്ങനെയുണ്ട് പരിപാടിയെന്ന്. വലിയ പരിപാടിയാണെന്ന് ഞാന്‍ പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. വലിയ പരിപാടികളൊക്കെ കണ്ട് ഇപ്പോള്‍ ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്ന് ഞാന്‍ പറഞ്ഞു”, മുഖ്യമന്ത്രി പറഞ്ഞു.എല്ലായിടത്തും ജനങ്ങള്‍ തിങ്ങി നിറയുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു കള്ളവുമില്ലാത്തതാണ് കുഞ്ഞുമനസ്, നവകേരള യാത്രയുടെ ഭാഗമായി തങ്ങള്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ കുഞ്ഞുങ്ങള്‍ ചാടിവന്ന് റോഡ് സൈഡില്‍ കൈവീശി കാണിക്കുകയാണെന്നും മുഖ്യമന്ത്രി പേരാവൂരില്‍ പറഞ്ഞു.നവകേരള സദസിന് ആളെക്കൂട്ടാന്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കിയെന്നത് വിവാദമായി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.
നവ കേരള സദസിനെതിരെ വ്യാജപ്രചാരണം നടത്തി അപഹസിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങള്‍ നല്‍കുന്ന മറുപടിയാണ് ഓരോ കേന്ദ്രത്തിലേയ്ക്കു ഒഴുകിയെത്തുന്ന ജനപ്രവാഹം. രണ്ട് ജില്ലകളിലെ അനുഭവം വെച്ച് വിലയിരുത്തുമ്പോള്‍ ഉറപ്പിച്ച് പറയാനാവുന്ന ഒരു കാര്യം സമാനതകളില്ലാത്ത ബഹുജന മുന്നേറ്റമാണ് ഉണ്ടാകുന്നത് എന്നു തന്നെയാണ്. ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ ബഹുജനസംവാദ പരിപാടി എന്ന ചരിത്രനേട്ടമാണ് നവകേരള സദസ്സ് കൈവരിക്കുയെന്നും മുഖ്യമന്ത്രി പറഞ്ഞു.