24.7 C
Kottayam
Monday, May 20, 2024

കെ-റെയിൽ ഉപേക്ഷിച്ചിട്ടില്ല, അനുമതി നൽകേണ്ടിവരുമെന്ന് പിണറായി; അനുവദിക്കില്ലെന്ന് പ്രതിപക്ഷം

Must read

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. രാഷ്ട്രീയ കാരണങ്ങളാല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കുന്നില്ലെങ്കിലും പദ്ധതിയെ പൂര്‍ണമായും തള്ളിപ്പറയാന്‍ അവര്‍ക്കുപോലും സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ കേന്ദ്രത്തിന് പദ്ധതിക്ക് അനുമതി നല്‍കേണ്ടതായി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ കുതിപ്പുണ്ടാക്കുന്ന പദ്ധതിയാണിത്. പൂര്‍ണമായും പദ്ധതിക്ക് അനുകൂലമായ നിലപാടായിരുന്നു മുമ്പ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ പ്രതിപക്ഷത്തിനൊപ്പം കേന്ദ്രം ഭരിക്കുന്ന ബിജെപിയും പദ്ധതിക്കെതിരേ പ്രക്ഷോഭം നടത്തിയതോടെയാണ് കേന്ദ്രത്തിന്റെ സമീപനത്തിലും മാറ്റമുണ്ടായത്.

ആദ്യം സംസാരിച്ചപ്പോള്‍ വലിയ സഹകരണവും പിന്തുണയും നല്‍കിയ കേന്ദ്രം പിന്നീട് സമീപനം മാറ്റി. ഇതെല്ലാം രണ്ടുകൂട്ടരും നടത്തിയ ഇടപെടലുകളുടെ ഭാഗമായി ഉണ്ടായതാണ്. ബിജെപി രാഷ്ട്രീയമായി ഇടപെട്ടതോടെ പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രം നിലപാട് മാറ്റി. അവരുടെ ഈ വിജയം നാടിന്റെ പരാജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കേന്ദ്രം അനുമതി തന്നാലും ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് സമരം ചെയ്യുമെന്നും സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കലിന് ഇറക്കിയ വിജ്ഞാപനം പിന്‍വലിച്ച് പതിനായിരക്കണക്കിന് പാവങ്ങളുടെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ ആവശ്യപ്പെട്ടു. പദ്ധതിക്കെതിരേ മുദ്രാവാക്യം വിളിച്ചതിന് ആയിരക്കണക്കിന് കേസുകളാണെടുത്തിരിക്കുന്നത്.

സമരം ചെയ്തതിന് കേസെടുക്കണമെങ്കില്‍ ഏറ്റവും കൂടുതല്‍ കേസെടുക്കേണ്ടത് സിപിഎമ്മിനെതിരേയാണ്. മഞ്ഞക്കുറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനുള്ള സഹാനുഭൂതി സര്‍ക്കാര്‍ കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷം വികസനത്തിന്റെ ഒപ്പം നില്‍ക്കുന്നവരാണ്. പക്ഷെ കേരളത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രിയെയും ബി.ജെ.പി നേതാക്കളെയും കണ്ട് സംസാരിച്ചാല്‍ പദ്ധതി നടപ്പാക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. കേന്ദ്രം അനുമതി തന്നാലും ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് സമരം ചെയ്യും. പദ്ധതി നടപ്പാകില്ലെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം. പക്ഷെ പെട്ടെന്ന് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറല്ല.

തുടര്‍ ഭരണം കിട്ടിയതിന്റെ ധാര്‍ഷ്ട്യത്തില്‍ അനുമതികളൊന്നും ഇല്ലാത്ത പദ്ധതിയുമായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയായിരുന്നു. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിനയത്തോടെയാണ് പ്രതിപക്ഷം മറുപടി നല്‍കിയത്. അവസാനം ധാര്‍ഷ്യം പരാജയപ്പെടുകയും വിനയം വിജയിക്കുകയും ചെയ്തു. നിങ്ങള്‍ വിജയിച്ചു, പക്ഷെ നാടിന്റെ പരാജയമാണെന്നാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. ഇത് നാടിന്റെ വിജയമാണ്. നിരന്തരമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി കേരളത്തെ പാരിസ്ഥിതികമായി തകര്‍ക്കുമെന്നും സംസ്ഥാനത്തെ ശ്രീലങ്കയാക്കി മാറ്റുമെന്നും പ്രതിപക്ഷം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ ഒരു കാരണവശാലും വരില്ലെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെ മറുപടിയിലൂടെ വ്യക്തമാകുന്നത്. രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതിയോക്കാള്‍ വന്ദേ ഭാരത് എക്സ്പ്രസുകള്‍ കൊണ്ടുവരുന്നതാണ് കേരളത്തിന് നല്ലത്. 2013 -ല്‍ യു.പി.എ സര്‍ക്കാര്‍ റൈറ്റ് ടു കോംപന്‍സേഷന്‍ ആക്ട് കൊണ്ടുവന്നതിനാലാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം കിട്ടിത്തുടങ്ങിയത്.

2015-ലാണ് ഈ നിയമത്തിന്റെ റൂള്‍സ് വന്നത്. അതുകൊണ്ടാണ് 2016-ല്‍ എന്‍.എച്ചിന് വേണ്ടി സ്ഥലം ഏറ്റെടുക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചത്. നിങ്ങളെല്ലാം സമരം ചെയ്തു ഞങ്ങള്‍ നടപ്പാക്കിയെന്നു പറയുന്നത് ശരിയല്ല. എല്ലാവരും സമരം ചെയ്തവരാണ്. ഗെയില്‍ പൈപ്പ് ലൈന്‍ ഭൂമിയ്ക്കടിയില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന ബോംബ് ആണെന്ന് പറഞ്ഞ നേതാവ് ഇപ്പോള്‍ ഈ മന്ത്രിസഭയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week