നിങ്ങളെ അണികളും നേതാക്കളും ചോദ്യം ചെയ്യുന്നുവെന്ന് സതീശൻ; അതൊക്കെ വല്ലാത്ത പൂതിയെന്ന് പിണറായി, സഭയിൽ കൊമ്പുകോർത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

നിങ്ങളെ അണികളും നേതാക്കളും ചോദ്യം ചെയ്യുന്നുവെന്ന് സതീശൻ; അതൊക്കെ വല്ലാത്ത പൂതിയെന്ന് പിണറായി

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും നേർക്കുനേർ രൂക്ഷമായ വാഗ്വാദം. കോൺഗ്രസിനുള്ളിലെ തർക്കം പ്രതിപക്ഷം ഉന്നയിച്ചതിന് മറുപടിയായി വി.ഡി.സതീശൻ സിപിഎം നേതൃത്വത്തെ അണികൾ ചോദ്യം ചെയ്യുന്നുവെന്ന് പറഞ്ഞു. ഇതോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രോഷാകുലനായി അതൊക്കെ വല്ലാത്തൊരു പൂതിയാണെന്നും തിരിച്ചടിച്ചു.

ബജറ്റ്ചർച്ചയ്ക്കുള്ള മറുപടിയായി മുഖ്യമന്ത്രി സംസാരിക്കുമ്പോഴാണ്, ബിജെപി-ഇടത് എംഎൽഎമാർ കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിനെ കുറിച്ച് പറഞ്ഞതിനോട് പ്രതികരിച്ചത്. കോൺഗ്രസ് പിളരുമെന്ന ബിജെപി എംഎൽഎ ബി.ബി.ഗോപകുമാർ പറഞ്ഞതിനോട് ആദ്യം മൂന്ന് പേർ മാത്രമുള്ള നിങ്ങൾ ഒരുമിച്ച് ഇരിക്കാൻ ശ്രമിക്കണമെന്ന് സതീശൻ മറുപടി നൽകി.

പിന്നീടാണ് പ്രതിപക്ഷ നേതാവുമായി മുഖ്യമന്ത്രി കൊമ്പുകോർത്തത്. ‘കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കമാണ്, വലിയ പ്രശ്‌നമാണ് എന്നൊക്കെ എൽഡിഎഫ് എംഎൽഎമാർ ഇവിടെ പറഞ്ഞു. നിങ്ങളുടെ പാർട്ടിയിൽ എല്ലാം ശാന്തമണല്ലോ, എന്താണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നടന്നത്. ഞാൻ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എന്നെ ആരും ചോദ്യം ചെയ്തിട്ടില്ല പാർട്ടിയിൽ. എന്നാലിപ്പോൾ പ്രതിപക്ഷ നേതാവിനെയും പാർട്ടി സെക്രട്ടറിയെയും നേതാക്കളും അണികളും ചോദ്യം ചെയ്യുകയാണ്. നിങ്ങളുടെ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ്’ മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്നു.

‘അതൊക്കെ വല്ലാത്തൊരു പൂതിയാണ്. നിങ്ങളെയൊക്കെ പിന്താങ്ങുന്ന വലതുപക്ഷ മാധ്യമങ്ങൾ കൊത്തിക്കീറി നടക്കുകയായിരുന്നു. അതൊക്കെ നേരിട്ട് കൊണ്ട് തന്നെയാണ് ഇവിടെ നിൽക്കുന്നത്. എന്നെയോ ഞങ്ങളെയോ ഈ സ്ഥാനത്ത് പാടില്ല എന്ന് ഈ പാർട്ടിയിൽ എവിടെയും ആലോചിച്ചിട്ടില്ല. അതെല്ലാം വലതുപക്ഷ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. അതുകേട്ട് ഇപ്പോൾ സിപിഎം തകരുമെന്ന് വിചാരിച്ച് നിങ്ങൾ നിൽക്കേണ്ട’ പിണറായി വിജയൻ പറഞ്ഞു.

സിപിഎമ്മിൽ ഒരു തിരുത്തലുമില്ലാതെ നന്നായി പോകുന്നുവെങ്കിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ പ്രതികരിച്ചു. ‘ഞങ്ങളാഗ്രഹിക്കുന്നതും അതാണ്. എനിക്ക് മുഖ്യമന്ത്രി സ്ഥാനം എങ്ങനെ കിട്ടിയെന്നും ഞങ്ങളുടെ പാർട്ടിയിലെ തർക്കത്തെ കുറിച്ചും നിങ്ങളുടെ എംഎൽഎമാർ പറഞ്ഞപ്പോൾ ഞാൻ മിണ്ടിയില്ല. ചിരിച്ചുകൊണ്ടാണ് കേട്ട് കൊണ്ടിരുന്നത്. ഞങ്ങളുടെ പാർട്ടിയെ കുറിച്ച് നിങ്ങൾ സംസാരിച്ചാൽ മറുപടി കിട്ടും അത്രയേ ഉള്ളൂ’ എന്നും സതീശൻ പറഞ്ഞു.

‘ഞാനിവിടെ പ്രതിപക്ഷ നേതാവായിട്ടാണ് ഇരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ നിങ്ങൾ പറഞ്ഞാൽ മറുപടി പറയാൻ ഞാൻ ബാധ്യസ്ഥനാണ്’ പിണറായിയും പറഞ്ഞു. തന്റെ പാർട്ടിയെ കുറിച്ചും മുന്നണിയെ കുറിച്ചും പറഞ്ഞാൽ തിരിച്ച് പറയുമെന്ന് വ്യക്തമാക്കി സതീശനും തുടർന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News