തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം നാടിന്റെ ആവശ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സർക്കാരിന്റെ വാർഷികാഘോഷത്തിൽ സഹകരിക്കാത്ത ചിലരുണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ വിമർശിക്കുകയായിരുന്നു. ഡിജിറ്റൽ സ്വിച്ച് ഓണിലൂടെയാണ് മുഖ്യമന്ത്രി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത്.
സർവ തല സ്പർശിയായ വികസനമാണ് കേരളം കണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നിലയിലല്ല. കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം വെട്ടി കുറയ്ക്കുന്നു. പ്രതിപക്ഷത്തിന് ശബ്ദിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? കേരളത്തിന് അർഹമായ വിഹിതം നൽകണമെന്ന് പ്രതിപക്ഷം പറഞ്ഞോ? രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് സാധുക്കളായ ജനം വിശ്വസിച്ചു. അങ്ങിനെ എംപിയായവർ പാർലമെന്റിൽ പോയി ഒന്നും സംസാരിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിൽ 62,000 കോടി രൂപയുടെ കിഫ്ബി പദ്ധതി തയ്യാറാക്കി കഴിഞ്ഞു. നാടിന്റെ വികസനത്തിന് ഒരു പക്ഷപാതവും എൽ ഡി എഫ് സർക്കാർ കാണിച്ചില്ല. പദ്ധതികൾ അനുവദിക്കുന്നതിൽ എൽ ഡി എഫ്, യു ഡി എഫ് എന്ന വേർതിരിവ് കണ്ടില്ല. ദേശീയ പാത വികസനത്തിന്റെ 25 ശതമാനം തുക സംസ്ഥാനം വഹിക്കണം. നിതിൻ ഗഡ്കരിയുടെ വിശാല മനസ്കത കൊണ്ടാണ് അങ്ങനെ ഒരു തീരുമാനത്തിൽ എത്തിയതെന്നും മുഖ്യമന്ത്രി പ്രശംസിച്ചു.
പ്രതിപക്ഷം എല്ലാറ്റിനെയും എതിർക്കുകയാണ്. പ്രതിപക്ഷ എതിർപ്പ് നോക്കിയല്ല സർക്കാർ പ്രവർത്തിക്കുക. ടൂറിസം വികസനത്തിൽ ജലപാത നിർണായകമാണ്. നാടിനെ നവീകരിക്കുക എന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ. യൂണിവേഴ്സിറ്റികളിൽ 1500 പുതിയ ഹോസ്റ്റൽ മുറികൾ ഉണ്ടാക്കും. 250 ഇന്റർനാഷണൽ ഹോസ്റ്റൽ മുറികളും പണിയും. നമ്മുടെ വിദ്യാഭ്യാസ കേന്ദ്രങ്ങൾ മെച്ചപ്പെടുമ്പോൾ വിദേശങ്ങളിൽ നിന്ന് കുട്ടികൾ പഠിക്കാൻ വരും. 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകാൻ കഴിയും വിധമാണ് യുവാക്കൾക്കായി പദ്ധതികൾ ആവിഷ്കരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് ജനങ്ങൾക്ക് മനസ്സിലായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മന്ത്രിയ്ക്ക് എങ്ങനെ ഇത്ര നിഷേധാത്മക സമീപനം സ്വീകരിക്കാനാവും? വി മുരളീധരന് കാര്യം നേരിട്ട് മനസ്സിലായി. പ്രധാനമന്ത്രിയുമായി വിഷയത്തിൽ ആരോഗ്യകരമായ ചർച്ച നടത്തിയതാണ്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗത്തിന് എങ്ങനെ ഈ നിലപാട് സ്വീകരിക്കാനാവുമെന്നും പിണറായി ചോദിച്ചു.