31.1 C
Kottayam
Saturday, May 18, 2024

‘എന്റെ മതം ഏതാണെന്ന് ഉറപ്പിക്കാന്‍ എന്റെ പാന്റ്‌സ് ഊരിക്കളയുമെന്നവര്‍ ഭീഷണിപ്പെടുത്തി’ തീവ്രവാദികൾ അഴിഞ്ഞാടുന്ന ഡൽഹിയിൽ നിന്നും ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫറുടെ കുറിപ്പ്

Must read

ഡൽഹിയിൽ നടക്കുന്ന കലാപത്തിന്‍റെ ഭീകരത വ്യക്തമാക്കുന്ന ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫറുടെ കുറിപ്പ് വായിക്കാം.

ഉച്ചയ്ക്ക് 12.15 ന് മോജ്പൂര്‍ മെട്രോ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ മുതല്‍ ഭീതിദമായ അനുഭവത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്.

ഒരു ഹിന്ദു സേനാംഗം എന്റടുത്തേക്ക് ഓടിവന്ന് നെറ്റിയില്‍ കുറി വരക്കുകയായിരുന്നു. ഇത് (കുറി) എന്റെ പണി എളുപ്പമുള്ളതാക്കും എന്ന് പറഞ്ഞാണ് അയാള്‍ പോയത്.

ക്യാമറ തൂക്കിയിരിക്കുന്നതിനാല്‍ ഞാനൊരു ഫോട്ടോ ജേര്‍ണലിസ്റ്റാണെന്ന് അയാള്‍ക്ക് മനസിലായിട്ടുണ്ടായിരുന്നു. നിങ്ങള്‍ ഹിന്ദുവാണല്ലോ സഹോദരാ, പിന്നെന്താണ് കുഴപ്പം? എന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ അവിടെ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കല്ലേറ് തുടങ്ങി. മോദി മോദി എന്ന ആര്‍പ്പുവിളികള്‍ക്കിടെ കറുത്ത പുക അന്തരീക്ഷത്തില്‍ നിറയുന്നത് ഞാന്‍ കണ്ടു. തീ പടരുന്ന സ്ഥലത്തേക്ക് ഞാന്‍ ഓടിപ്പോകുന്നതിനിടെ അടുത്തുള്ള ശിവക്ഷേത്രത്തില്‍ നിന്ന് കുറച്ചുപേര്‍ എന്നെ തടഞ്ഞു. ഞാന്‍ ഫോട്ടോ എടുക്കാനാണ് പോകുന്നതെന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നോട് അങ്ങോട്ട് പോകരുതെന്ന് പറഞ്ഞു.

‘സഹോദരാ നിങ്ങളും ഒരു ഹിന്ദുവാണ്. നിങ്ങളെന്തിനാ അങ്ങോട്ടുപോകുന്നത്. ഹിന്ദുക്കള്‍ ഉണര്‍ന്നുകൊണ്ടിരിക്കുകയാണ്.’, അവരിലൊരാള്‍ വിളിച്ചുപറഞ്ഞു.

ഞാന്‍ അപ്പോള്‍ അവിടെ നിന്ന് പിന്‍മാറിയെങ്കിലും കുറച്ചുസമയത്തിന് ശേഷം ബാരിക്കേഡുകള്‍ക്കരികെയെത്തി. ഞാന്‍ ഫോട്ടോ എടുക്കാന്‍ തുടങ്ങിയപ്പോഴേക്കും കുറച്ചാളുകള്‍ മുളവടികളാലും ഇരുമ്പുദണ്ഡുകളാലും എന്നെ വളഞ്ഞു. അവര്‍ എന്റെ ക്യാമറ തട്ടിപ്പറിക്കാന്‍ നോക്കി, എന്നാല്‍ എന്റെ സഹപ്രവര്‍ത്തകനായ സാക്ഷി ചന്ദ് അത് തടഞ്ഞു. അയാള്‍ പിന്‍മാറി.

അവരെന്നെ പിന്തുടരുന്നുണ്ടെന്ന് അല്‍പ്പസമയം കഴിഞ്ഞ് ഞാന്‍ മനസിലാക്കി.
ഒരു യുവാവ് എന്റെ അടുത്തെത്തി ചോദിച്ചു. ‘നിങ്ങള്‍ നന്നായി അഭിനയിക്കുന്നു. നിങ്ങള്‍ ഹിന്ദുവാണോ അതോ മുസ്ലീമോ?’

എന്റെ മതം ഏതാണെന്ന് ഉറപ്പിക്കാന്‍ എന്റെ പാന്റ്‌സ് ഊരിക്കളയുമെന്നവര്‍ ഭീഷണിപ്പെടുത്തി. ഞാനവരോട് കൈകൂപ്പി ഒരു ഫോട്ടോഗ്രാഫര്‍ ആണെന്ന് പറഞ്ഞു. വീണ്ടും പലതരത്തിലുള്ള ഭീഷണികള്‍ക്കും ശേഷമാണ് അവരെന്നെ വിട്ടയച്ചത്.

തിരിച്ചുപോകാന്‍ എന്റെ വണ്ടി തിരഞ്ഞെങ്കിലും അവിടെയൊന്നും കണ്ടില്ല. ജഫ്രാബാദിലേക്ക് 100 മീറ്റര്‍ നടന്നതിന് ശേഷമാണ് എനിക്ക് ഒരു ഓട്ടോ കിട്ടിയത്. ഓട്ടോയില്‍ എഴുതിയ പേര് ഞങ്ങളെ വീണ്ടും അപകടത്തിലാക്കുമെന്ന് ഞാന്‍ മനസിലാക്കി.

അധികം വൈകാതെ തന്നെ നാല് പേര്‍ ഞങ്ങളുടെ ഓട്ടോ തടഞ്ഞു. കോളറിന് പിടിച്ച് ഞങ്ങളെ രണ്ടുപേരെയും അവര്‍ ഓട്ടോയില്‍ നിന്ന് പുറത്തേക്കിറക്കി.

ഞാന്‍ മാധ്യമപ്രവര്‍ത്തകനാണെന്നും ഓട്ടോക്കാരന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവരോട് കരഞ്ഞുപറഞ്ഞു. അവസാനം എന്നെ ഓഫീസിലെത്തിച്ച ഓട്ടോക്കാരന്‍ വണ്ടിയെടുത്ത് പോകുന്നതിന് മുന്‍പായി എന്നോട് വിറയലോടെ പറഞ്ഞു. ജീവിതത്തില്‍ ഇതുവരെ ഇത്തരത്തില്‍ വിചിത്രമായി എന്റെ മതം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week